ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും മാര്‍ച്ച് 10 അന്താരാഷ്ട്ര വനിതാ ജഡ്ജ് ദിനമായി പ്രഖ്യാപിച്ച യുഎന്‍. ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കമാണ് യുഎന്‍ അംഗീകരിച്ചത്. 72 രാജ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തെ പിന്താങ്ങിയത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, അല്‍ജീരിയ, മൊറോക്കോ, തുണീസ്യ, ലിബിയ, ജോര്‍ദാന്‍, ലബ്നാന്‍, മൗറിത്താനിയ, ദക്ഷിണ സുദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളും ഇവയില്‍പ്പെടുന്നു.
ഫെബ്രുവരി 25 മുതല്‍ 27 വരെ നടന്ന യുഎന്‍ ഡ്രഗ്സ് ആന്റ് ക്രൈം ഓഫിസിന്റെ ഗ്ലോബല്‍ ജുഡീഷ്യല്‍ ഇന്റഗ്രിറ്റി നെറ്റ്വര്ക്കിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം ചര്‍ച്ചയ്ക്കു വന്നത്. ഖത്തറാണ് ഈ യോഗത്തിന് ആതിഥ്യമരുളിയത്. ജുഡീഷ്യല്‍ മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയുമാണ് അന്താരാഷ്ട്ര ദിനത്തിന്റെ ലക്ഷ്യം.
ജൂഡീഷ്യല്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളില്‍ വനിതകളുടെ പ്രാധാന്യം ഉറപ്പിക്കുന്നതിനും എല്ലാ തലത്തിലും സുപ്രധാന തീരുമാനമെടുക്കുന്ന കാര്യങ്ങളില്‍ ലിംഗ സമത്വം ഉറപ്പ് വരുത്തുന്നതിനും ഖത്തര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ഖത്തറിന്റെ യുഎന്‍ സ്ഥിരം പ്രതിനിധി ശെയ്ഖ് ആലിയ ബിന്ത് അഹ്മദ് സെയ്ഫ് ആല്‍ഥാനി പറഞ്ഞു.
ALSO WATCH