ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനം സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യുഎന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ വെടിനിര്‍ത്തലിന് പിന്നാലെ ഖത്തറിലെത്തി. ഖത്തറിന്റെയും ഈജിപ്തിന്റെയും നിര്‍ണായക ഇടപെടലുകളും മധ്യസ്ഥ നീക്കങ്ങളുമാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗസ്സയെ എത്രയും പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനര്‍നിര്‍മ്മാണത്തിനും ആഗോള സമൂഹത്തിന്റെ പിന്തുണയും സഹായവുമുണ്ടാകണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ സമാധാനത്തിനായി നിയോഗിച്ച യുഎന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ ടോര്‍ വെന്നെസ്ലാന്റ് ഇതിന് പിന്നാലെ ദോഹയിലെത്തി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീനില്‍ ഏറ്റവും ഒടുവിലായി നടന്ന മുഴുവന്‍ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യുഎന്‍ നടത്തിയ നീക്കങ്ങള്‍ക്ക് വിദേശകാര്യമന്ത്രി നന്ദിയര്‍പ്പിച്ചു.