ദോഹ: ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. ചര്‍ച്ചകളില്‍ വന്ന അയവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. എന്നാല്‍, ഉടന്‍ ഒരു പരിഹാരം ഉണ്ടാവുന്ന രീതിയില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നും മിഡില്‍ ഈസ്റ്റിന്റെ ചുമതലയുള്ള ഡേവിഡ് ഷെന്‍കര്‍ പറഞ്ഞു.
2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.
”നയതന്ത്ര നീക്കങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. എന്നാല്‍, ചില പുരോഗതികളുണ്ടായിട്ടുണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ഒരു ഫലം പ്രതീക്ഷിക്കാം”-വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ ഷെന്‍കര്‍ പറഞ്ഞു.
ഇറാനെതിരായ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കുന്നതിന് തുടക്കം മുതല്‍ തന്നെ അമേരിക്കയും കുവൈത്തും ശ്രമം നടത്തിവരികയാണ്.
”ഇപ്പോള്‍ തന്നെ വാതില്‍ തുറക്കാവുന്ന രീതിയില്‍ ചര്‍ച്ചയില്‍ വലിയ പുരോഗതി ഉണ്ടായെന്ന് പറയാനാവില്ല. എന്നാല്‍, കാര്യങ്ങളില്‍ കൂടുതല്‍ അയവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരു ഭാഗത്തെയും അടുപ്പിച്ച് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷ”-ഷെന്‍കര്‍ വ്യക്തമാക്കി.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഉള്‍പ്പടെ ഉന്നത തലത്തില്‍ തന്നെ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഷെന്‍കര്‍ പറഞ്ഞു.
United States: End of Qatar blockade possibly ‘in weeks’