Sunday, January 23, 2022
HomeNewsfeedഖത്തര്‍ പുതിയ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്

ഖത്തര്‍ പുതിയ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്

ദോഹ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റെഡ്‌ലിസ്റ്റില്‍ യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. ഞായറാഴ്ച്ച ഖത്തര്‍ എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‌സൈറ്റിലാണ് പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയതായി വിവരം നല്‍കിയത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ഇത് പിന്‍വലിച്ചു.

ഡിസംബര്‍ 26 ഞായറാഴ്ച്ച വൈകീട്ട് 6 മണിമുതല്‍ ഖത്തര്‍ കോവിഡ് ട്രാവല്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തതായും ഇതു പ്രകാരം ലബ്‌നാന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ നിന്ന് റെഡ് ലിസ്റ്റിലേക്ക് മാറ്റിയതായുമാണ് ഖത്തര്‍ എയര്‍വേസ് അറിയിച്ചത്. വെബ്‌സൈറ്റിലെ ട്രാവല്‍ റിക്വയര്‍മെന്റ് ടാബിലാണ് ഈ വിവരങ്ങള്‍ ചേര്‍ത്തിരുന്നത്. എന്നാല്‍, പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു.

ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. യാത്രാ സംബന്ധമായ അപ്‌ഡേറ്റുകള്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചത്.

നിലവില്‍ 176 രാജ്യങ്ങളാണ് ഖത്തറിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലാണ്.

(ഖത്തര്‍ എയര്‍വേസ് വിവരത്തെ ആശ്രയിച്ച് ഗള്‍ഫ് മലയാളിയും ഈ വാര്‍ത്ത നല്‍കിയിരുന്നു. പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു)

Most Popular