Friday, September 30, 2022
HomeBusinessഖത്തറിലെ സ്വദേശി കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം; അവസാന തിയ്യതി നീട്ടി

ഖത്തറിലെ സ്വദേശി കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം; അവസാന തിയ്യതി നീട്ടി

ദോഹ: ഖത്തറില്‍ സ്വദേശികള്‍ക്കു മാത്രം ഉടമസ്ഥതയുള്ള കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയ്യതി കോവിഡ് സാഹചര്യം പരിഗണിച്ച് ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഖത്തരി അല്ലെങ്കില്‍ ജിസിസി കമ്പനികളുടെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട പരിധി കുറക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 10 ദശലക്ഷം റിയാല്‍ ടേണ്‍ ഓവര്‍ അല്ലെങ്കില്‍ 2 ദശലക്ഷം റിയാല്‍ കാപിറ്റല്‍ എന്നത് 5 ദശലക്ഷം ടേണ്‍ഓവര്‍ അല്ലെങ്കില്‍ ഒരു ദശലക്ഷം റിയാല്‍ കാപിറ്റല്‍ എന്നാക്കി കുറച്ചു. 2020 ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് മാറ്റം. ഈ പരിധിയില്‍ വരാത്ത ഖത്തരി, ജിസിസി കമ്പനികളും 2021 ആഗസ്ത് 31ന് അകം സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം.

സ്വദേശികളുടെ മാത്രം ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ ഖത്തറിലുണ്ടെന്ന് ക്രസ്റ്റണ്‍ എസ്‌വിപി എംഡി ഷെജി വലിയകത്ത് പറഞ്ഞു. ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടിയത് കോവിഡ് സാഹചര്യത്തില്‍ ആശ്വാസകരമാണ്. എന്നാല്‍, നിശ്ചിത തിയ്യതിക്കകം റിട്ടേണ്‍ സര്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം വലിയ തുക പിഴ അടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത തിയ്യതിക്കകം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ ദിവസം 500 റിയാല്‍ തോതില്‍ പിഴ അടക്കേണ്ടി വരും. ഒരു വര്‍ഷം 1,80,000 റിയാലാണ് പിഴ തുക.

Most Popular