ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയാന്‍ കാരണം നിയന്ത്രണങ്ങളും വാക്‌സിനേഷനും

qatar gathering

ദോഹ: ഖത്തറില്‍ വലിയ തോതില്‍ ഉയര്‍ന്ന കോവിഡ് വ്യാപനം പിടിച്ച്‌നിര്‍ത്താന്‍ സാധിച്ചത് നിയന്ത്രണങ്ങളും വാക്‌സിനേഷനും കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ്. രാജ്യത്തെ ജനങ്ങളില്‍ 80 മുതല്‍ 90 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞാല്‍ ജീവിതം സാധാരണ നിലയിലേക്കു പോകാനാവുമെന്ന് പകര്‍ച്ചവ്യാധി വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. എന്നാല്‍, കോവിഡിന്റെ രണ്ടാം തരംഗത്തെ രാജ്യം ഇനിയും തരണം ചെയ്ത് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി അതിവേഗമാണ് പുരോഗമിക്കുന്നത്. രാജ്യത്തെ 45 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച്ച മാത്രം 1,80,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 60 വയസ്സിനു മുകളിലുള്ള ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഈയൊരു വിഭാഗത്തിനാണ് രോഗം ഏറ്റവും ഗുരുതരമാവുന്നതെന്ന് ഡോ. റുമൈഹി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് രോഗവ്യാപനം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. രണ്ടാഴ്ച്ച മുമ്പ് ദിവസേനയുള്ള കേസുകള്‍ 900ന് മുകളിലെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 600ല്‍ താഴയാണ്. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതല്‍ നടപടികളും അതിവേഗമുള്ള വാക്‌സിനേഷനുമാണ് ഇതിന് കാരണമെന്ന് റുമൈഹി ചൂണ്ടിക്കാട്ടി. കോവിഡ് മൂലം ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.

എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തെ തരണം ചെയ്തു എന്ന് പറയാറായിട്ടില്ല. രോഗവ്യാപന ഭീഷണി ഇല്ലാതായി എന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Vaccination stats offer good reason for optimism, life can return to normal in Qatar: Dr Rumaihi
ALSO WATCH