ഫിഫ അറബ് കപ്പ്: ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുതിക്കുന്നു

qatar night view

ദോഹ: ഫിഫ അറബ് കപ്പ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍. തങ്ങളുടെ ദേശീയ ടീമിന്റെ കളികാണാനെത്തുന്ന അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ വലിയൊരു ഭാഗവും. അടുത്ത വര്‍ഷം ലോക കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്ന അറബ് മേഖലയുടെ പുറത്തു നിന്നുള്ളവരും ഉണ്ട്.

ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള യാത്രക്കാരുടെ ബുക്കിങില്‍ 20 ശതമാനത്തിന്റെ വര്‍ധനവുള്ളതായി മിലാനോ ട്രാവല്‍ ജനറല്‍ മാനേജര്‍ അലി താബിത് ദി പെനിന്‍സുലയോട് പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകരാണ് ഭൂരിഭാഗവും. റഷ്യ, ചൈന തുടങ്ങി വിദൂര രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രേമികളും എത്തുന്നുണ്ട്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മൂന്നോ നാലോ ദിവസങ്ങള്‍ മുമ്പാണ് ബുക്കിങില്‍ വര്‍ധനവുണ്ടായത്. സ്റ്റേഡിയങ്ങള്‍ കാണാനും ലോക കപ്പിന് മുമ്പായി ഖത്തറിനെ അടുത്തറിയാനും എത്തുന്നവരും സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ടെന്ന് താബിത് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ഉണ്ടായിരുന്നതിനെക്കേള്‍ 40 ശതമാനം ബുക്കിങ് കൂടിയതായി അല്‍മുഫ്ത ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജര്‍ ഖാലിദ് ലഖ്മൂഷ് പറഞ്ഞു. ഭൂരിഭാഗവും 7 മുതല്‍ 10 ദിവസം വരെ തങ്ങുന്ന രീതിയിലാണ് എത്തിയിരിക്കുന്നത്.