ആ മാലയും മോതിരവും തേടി കൃഷ്ണസ്വാമിയുടെ വിളിവരുമോ? കൊറോണക്കാലത്തെ ഒരു കൗതുകവാര്‍ത്ത

ദോഹ: ദുരിതങ്ങളും സങ്കടങ്ങളും നഷ്ടങ്ങളും മാത്രം പറയാനുള്ള ഈ കൊറോണക്കാലത്ത് കൗതുകവും സന്തോഷവും നിറഞ്ഞ ഒരു വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന ഷഫീര്‍ ബാവു.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എസ്എന്‍ പുരം സ്വദേശിയായ ഷഫീര്‍ ബാവു പങ്കുവച്ച ആ കഥ ഇങ്ങിനെയാണ്:

അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ കളഞ്ഞുപോയ ഒരു സാധനം.. നഷ്ടപെട്ടവന്‍ പോലും മറന്നു തുടങ്ങിയ ആ സാധനം തിരിച്ചു കിട്ടിയാല്‍ സന്തോഷമാകില്ലേ? അതൊരു 5 പവന്റെ മാലയും നവരത്‌നമോതിരവും ആണെങ്കിലോ?.

എന്റെ കമ്പനിയില്‍ ഉണ്ടായിരുന്ന ഒരു തമിഴ് പയ്യന്‍ വെക്കേഷന്‍ പോകുന്നതിനു മുമ്പേ വാങ്ങിവച്ചതായിരുന്നു പെങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു മാലയും അവനിടാന്‍ ഒരു നവരത്‌ന മോതിരവും. നാട്ടില്‍ പോകുന്നതിന് തലേ ദിവസം അവന്റെ ക്യാമ്പിലുള്ള റൂം ഒഴിവാക്കി കൊടുക്കണം. സമയമില്ലാത്തത് കൊണ്ട് സാധനങ്ങളെല്ലാം വലിച്ചു വാരി കമ്പനി വണ്ടിയുടെ ബാക്ക് സീറ്റിലും ബാക്കിവന്നത് ഡിക്കിയിലുമൊക്കെയിട്ട് ദോഹയിലേക്ക് പാഞ്ഞു.

നാട്ടിലേക്ക് കൊണ്ട് പോകേണ്ട സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ ആണ് മോതിരവും മാലയും തിരയുന്നത്. എല്ലായിടത്തും നോക്കി. ഒരു രക്ഷയുമില്ല. നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയതാണ്. മോതിരത്തേക്കാള്‍ അവന്റെ പെങ്ങള്‍ക്ക് ആദ്യമായി വാങ്ങിയ മാല പോയതിലാണ് അവന് സങ്കടം മുഴുവനും. ആ വിഷമവും ഉള്ളിലൊതുക്കി അവന്‍ നാട്ടിലേക്ക് പോയി.

അന്നവന്‍ യാത്ര ചെയ്ത ആ കമ്പനി വണ്ടി ഇന്ന് വില്‍ക്കുകയാണ്. അത് വാങ്ങാനുള്ള ആള്‍ അര മണിക്കൂറിനുള്ളില്‍ എന്റെ റൂമിന് മുമ്പില്‍ എത്തും. വരുന്നതിന് മുമ്പേ വണ്ടിയില്‍ ജാക്ക് ലിവര്‍, ബാക്കി ടൂള്‍സ് എല്ലാം ഉണ്ടോ എന്നുറപ്പ് വരുത്താന്‍ വേണ്ടി ഡിക്കി തുറന്ന് പരിശോധന തുടങ്ങി. അഞ്ച് വര്‍ഷമായിട്ടും ഒന്നു പഞ്ചറാക്കി പോലും ഈ വണ്ടി എന്നെ വഴിയില്‍ പെടുത്തിയിട്ടില്ല. അതുകൊണ്ട് ടയറുകള്‍ മാറേണ്ടി വന്നിട്ടുണ്ടെങ്കിലും പഴയ സ്റ്റെപ്പിനി ഇന്നുവരെ പുറത്തെടുക്കേണ്ടതായി വന്നിട്ടില്ല. എന്നാലും സ്റ്റെപ്പിനി വെറുതെ പൊക്കി നോക്കിയപ്പോള്‍ ആണ് അതിനിടയില്‍ കുടുങ്ങി കിടക്കുന്ന സ്‌കൈ ജ്വല്ലറിയുടെ ബോക്സ് കണ്ണില്‍ പെട്ടത്. തുറന്നു നോക്കിയപ്പോള്‍ നഷ്ടപ്പെട്ട ആ പഴയ മാലയും മോതിരവും. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥ.

മൂന്നാലു കൊല്ലമായി ഒരു ബന്ധവുമില്ല അവനുമായി. ഇപ്പോള്‍ ബഹ്‌റൈനില്‍ ആണെന്നറിയാം. അതും ഫേസ് ബുക്കില്‍ എപ്പോഴോ കണ്ട ഓര്‍മയാണ്. പിന്നെ ഫേസ് ബുക്കില്‍ ചികഞ്ഞ് അവനൊരു മെസ്സേജും ഫോട്ടോയും വിട്ടു മറുപടിക്കായി കാത്തിരുന്നു. കൂടാതെ മുഖപുസ്തകത്തില്‍ തന്നെ ഫാമിലി മെംബേഴ്‌സില്‍ ചികഞ്ഞ് ഓരോ മെസ്സേജ് അവന്റെ സഹോദരനും സഹോദരിക്കും വിട്ടു. അവനെ പോലെ തന്നെ ഇതുവരെ ആരും അതൊന്നും നോക്കിയിട്ടില്ല. കുറച്ചു സമയം മുമ്പ് ഒരു കൂട്ടുകാരനെ കണ്ടെത്തി അവന്റെ നമ്പര്‍ സംഘടിപ്പിച്ചു. അതും സ്വിച്ച്ഡ് ഓഫ്. ആ നമ്പറിലുള്ള വാട്‌സ്ആപ്പില്‍ മെസ്സേജും വിട്ടു പോരാത്തതിന് വിളിച്ചും നോക്കി. അവിടെയുമില്ല പഹയന്‍.
എന്തായാലും അവന്‍ ഇന്ന് തന്നെ വിളിക്കും.. ഉറപ്പ്.

അന്ന് വിലപ്പെട്ടത് നഷ്ടപ്പെടുമ്പോളുള്ള വിഷമം അവന്റെ മുഖത്ത് നേരിട്ടു കണ്ടതാണ് ഞാന്‍. പക്ഷെ ഇപ്പോഴവനിത് തിരിച്ചു കിട്ടുമ്പോള്‍ ഉള്ള അവന്റെ സന്തോഷം എനിക്ക് കാണാന്‍ പറ്റില്ലല്ലോ.

എന്തായാലും ഇന്നലെ വണ്ടി വാങ്ങാന്‍ വരാന്ന് പറഞ്ഞിട്ട് വരാതിരുന്ന മിസ്‌റിക്ക് കൊറോണ കാരണം കെട്ടിപിടുത്തം ഒഴിവാക്കി ഒരു ഫ്ളയിങ് കിസ് മാത്രം. കാരണം അയാള്‍ ഇന്നലെ വണ്ടി കൊണ്ടു പോയിരുന്നെങ്കില്‍ അവനിത് തിരിച്ചു കിട്ടില്ലായിരുന്നു.

അവനിത് തിരിച്ചുകിട്ടിയതില്‍ ഒരുപാട് സന്തോഷം. അതിന് ഞാന്‍ ഒരു നിമിത്തം ആയി എന്നോര്‍ക്കുമ്പോള്‍ പിന്നെയും പെരുത്ത് സന്തോഷം.
eagerly waiting for your call man, Karthick Krishnaswamy

പണ്ടെപ്പോഴോ മറന്നിരിക്കാനിടയുള്ള വലിയൊരു തുകയുടെ മുതല്‍, തിരിച്ചുകിട്ടുമ്പോഴുള്ള സുഹൃത്ത് കാര്‍ത്തിക് കൃഷ്ണസ്വാമിയുടെ സന്തോഷം കാത്തിരിക്കുകയാണ് ഖത്തറിലെ ജോലി നഷ്ടപ്പെട്ട സങ്കടത്തിലിരിമ്പോഴും ഷഫീര്‍ ബാവു. ബാവുവിന്റെ സത്യസന്ധതയെ പുകഴ്ത്തി നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനടയില്‍ വന്നത്.