ദോഹ: അല്‍വക്റയിലെ ബര്‍വ വില്ലേജിന് എതിര്‍ഭാഗത്തായുള്ള പുതിയ സൂഖ് അല്‍ ഹറാജ്(പഴയ സാധനങ്ങള്‍ വില്‍ക്കുന്ന വിപണി) മാര്‍ക്കറ്റ് ഉടന്‍ തുറക്കും. 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ്. നിലവില്‍ നജ്മയിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ മാര്‍ക്കറ്റാണ് പുതിയ സൂഖ് അല്‍ ഹറാജിലേക്കു മാറ്റുക. ഇവിടെ 325 ഷോപ്പുകളാണ് വാടകക്കുള്ളത്. 900 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
60 ചതുരശ്ര മീറ്റര്‍ ആണ് ഒരു ഷോപ്പിന്റെ വലുപ്പം. ഷോപ്പുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍, സര്‍വീസ് സെന്ററുകള്‍, റിപ്പയറിങ് കേന്ദ്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മാര്‍ക്കറ്റില്‍ ഉണ്ടാകും. ആധുനിക രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം.
നിലവില്‍ നജ്മയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് രാജ്യത്തെ പഴക്കമുള്ള പ്രശസ്തമായ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റാണ്. മലയാളികളടക്കം നിരവധി പേര് ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. കുറഞ്ഞ വിലക്ക് നല്ല സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന നജ്മയിലെ മാര്‍ക്കറ്റില്‍ അവധിദിനങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍ക്കാലികമായി പൂട്ടിയിട്ടിരുന്നു.