Sunday, December 4, 2022
HomeNewsfeedലോക കപ്പിനുള്ള ഖത്തറിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ എത്രത്തോളം; 'വതന്‍' അഭ്യാസം നാളെ മുതല്‍

ലോക കപ്പിനുള്ള ഖത്തറിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ എത്രത്തോളം; ‘വതന്‍’ അഭ്യാസം നാളെ മുതല്‍

ദോഹ: ഫിഫ ലോക കപ്പിനുള്ള(2022 World Cup) ഖത്തറിന്റെ(Qatar) സുരക്ഷാ ഒരുക്കങ്ങള്‍(security readiness ) പരിശോധിക്കുന്നതിന് തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസം നീളുന്ന ‘വതന്‍’ അഭ്യാസം(‘Watan’ exercise). ഖത്തറിലെയും 13 സുഹൃദ് രാജ്യങ്ങളിലെയും സൈനിക, സിവില്‍, സേവന സംഘടനകള്‍ പങ്കെടുക്കുന്നതാണ് ഈ പരിശീലന പരിപാടി.

ശനിയാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എക്‌സര്‍സൈസ് കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് ശരിദ അല്‍ കഅബി, ഫിഫ ലോക കപ്പ് ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജാസിം അബ്ദുല്‍ അസീസ് അല്‍ ജാസിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പതിവ് ചുമതലകള്‍ക്കൊപ്പം ലോക കപ്പിന്റെ അധിക ചുമതലകള്‍ കൂടി വഹിക്കേണ്ടി വരുമ്പോഴുള്ള കാര്യക്ഷമത പരിശോധിക്കുകയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിലുള്ള പ്രതികരണത്തിന്റെ വേഗത, വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന കമാന്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയവ അഭ്യാസ പ്രകടനത്തില്‍ വിലയിരുത്തും.

സഹോദര, സുഹൃദ് രാജ്യങ്ങളുമായി സുരക്ഷാ രംഗത്തുള്ള സഹകരണം വര്‍ധിപ്പിക്കാനും അല്‍ വതന്‍ അഭ്യാസം പ്രയോജനപ്രദമാവും.

ലോക കപ്പ് വേളയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പരിശീലനം സംഘടിപ്പിക്കുക. മുന്‍ ലോക കപ്പിലുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുക.

ലോക കപ്പ് മല്‍സര വേദികള്‍, പൊതു സ്ഥലങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങി രാജ്യത്തെ വിവിധ മേഖലകളിലാണ് വതന്‍ പരിശീലന പരിപാടി നടക്കുക. രാജ്യത്തെ ജനങ്ങളുടെ നിത്യജീവിതത്തെ തടസ്സപ്പെടുത്താത്ത രീതിയിലാണ് മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
ALSO WATCH

Most Popular