അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷിയാവന്‍ നാളെ അല്‍ തുറായ പ്ലാനറ്റോറിയത്തിലേക്ക് പോവാം

ദോഹ: നൂറ്റാണ്ടിലെ അപൂര്‍വ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ഖത്തറിലെ അല്‍ തുറായ പ്ലാനറ്റോറിയത്തില്‍ സൗകര്യമൊരുക്കും. നാളെ രാവിലെ 5.32ന് തുടങ്ങി 7.50ന് അവസാനിക്കുന്ന ഗ്രഹണം വീക്ഷിക്കുന്നതിന് പ്ലാനറ്റോറിയത്തിലെ ബില്‍ഡിങ് നമ്പര്‍ 41ല്‍ ആണ് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുക.

നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കുന്നത് അപകടകരമാണെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രഹണ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെല്‍ഡര്‍മാര്‍ ഉപയോഗിക്കുന്ന ഗ്ലാസുകളോ പിന്‍ഹോള്‍ പ്രൊജക്ടറോ ഉപയോഗിച്ചും ഗ്രഹണം ആസ്വദിക്കാവുന്നതാണ്.

ഖത്തറില്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് വലയ സൂര്യഗ്രഹണമെത്തുന്നത്. സൂര്യന്റെ മധ്യഭാഗം ചന്ദ്രന്‍ മറക്കുന്നത് മൂലം സൂര്യന്‍ ഒരു തീവലയം പോലെ പ്രത്യക്ഷപ്പെടുന്നതാണ് വലയ ഗ്രഹണം. ഇനി ഖത്തറില്‍ ഇത്തരമൊരു ഗ്രഹണത്തിന് സാക്ഷിയാവണമെങ്കില്‍ ഒന്നര നൂറ്റാണ്ട് കാത്തിരിക്കണമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

സൗദി അറേബ്യയുടെ കിഴക്ക്-തെക്ക് ഭാഗം, ഖത്തറിന്റെ തെക്കു ഭാഗം, യുഎഇയുടെ ഭാഗങ്ങള്‍, ഒമാന്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങി സ്ഥലങ്ങളിലാണ് ഗ്രഹണം പൂര്‍ണ തോതില്‍ ദൃശ്യമാവുക. ഗ്രഹണം 5.32ന് തുടങ്ങി 6.35ന് പൂര്‍ണ തോതിലെത്തും. ഖത്തര്‍ സമയം 7.50ന് അവസാനിക്കും.