വാരാന്ത്യ മിയാ പാര്‍ക്ക് ബസാര്‍ തുറന്നു; സ്റ്റാളുകളില്‍ വന്‍തിരക്ക്

ദോഹ: ഖത്തറിലെ പുരാതന സൂഖുകളുടെ ആധുനിക രൂപമായ മിയാ പാര്‍ക്ക് ബസാര്‍ തുറന്നു. ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലെ പാര്‍ക്കില്‍ 50ഓളം സ്റ്റാളുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്.

വസ്ത്രങ്ങള്‍, തൊപ്പികള്‍, പാദരക്ഷകള്‍, സണ്‍ഗ്ലാസ്, ബാഗുകള്‍, വാലറ്റ് തുടങ്ങി നിത്യോപയോഗ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്കാണ് സ്റ്റാളുകളില്‍ ലഭിക്കുന്നത്. ആഭരണങ്ങള്‍, വാച്ചുകള്‍, സുഗന്ധ ദ്രവ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും നല്ല രീതിയില്‍ വിറ്റുപോകുന്നുണ്ട്. കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും വില്‍പ്പനയ്ക്കുണ്ട്. വീടുകളില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളാണ് മറ്റൊരു ആകര്‍ഷണം.

സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം വാരാന്ത്യം ആസ്വദിക്കാനെത്തുന്നവരുടെ തിരക്കും പാര്‍ക്കില്‍ ദൃശ്യമാണ്. വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെയും ശനിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെയുമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 25നാണ് മിയാ പാര്‍ക്ക് ബസാര്‍ അടക്കുക.

Content Highlights: Weekend MIA Park Bazaar opens with 50 stalls