ദോഹ: ദോഹ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന്(ദോഹ എഫ്ഐആര്‍) എന്ന പേരില്‍ കൂടുതല്‍ വിപുലമാക്കിയ സ്വന്തം വ്യോമപരിധി സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ദോഹ എഫ്ഐആറിന് ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്(ഐസിഎഒ) ഔപചാരിക അംഗീകാരം നല്കി.
മിഡില്‍ ഈസ്റ്റിന് മുകളിലെ ആകാശപാതയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഈ തീരുമാനം. ആകാശ മാപ്പില്‍ ഒരു നിശ്ചിത വ്യോമ മേഖല(എഫ്ഐആര്‍)യുടെ നിയന്ത്രണം ഏത് രാജ്യത്തിനാണ് എന്നു നിശ്ചയിക്കുന്നത് ഐസിഎഒ ആണ്. പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റിന് മുകളിലെ ആകാശ മേഖല ആനുപാതികമായല്ല വിഭജിക്കപ്പെട്ടിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ചെറിയ ബഹ്റൈനാണ് ബഹ്റൈന്‍ എഫ്ഐആര്‍ എന്ന പേരില്‍ ഗള്‍ഫ് വ്യോമ മേഖലയുടെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിട്ടുള്ളത്. കുവൈത്ത് മുതല്‍ യുഎഇ എഫ്ഐറിന്റെ അതിര്‍ത്തിവരെ നീളുന്ന പ്രദേശമാണത്.
1971ല്‍ ബഹ്റൈന്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ ലഭിച്ച അധികാരം ബഹ്റൈന്‍ തുടരുകയായിരുന്നു. അന്നത്തെ സൗഹൃദാന്തരീക്ഷത്തില്‍ ഖത്തറും ഇത് അംഗീകരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രാന്‍സിറ്റ് ഏരിയയായ ഇതുവഴിയുള്ള ഓവര്‍ ഫ്ളൈറ്റ് ഫീസും(മറ്റൊരു രാജ്യത്തിന്റെ വ്യോമപരിധിയില്‍ പറക്കുന്നതിനുള്ള ഫീസ്) ഈടാക്കിയിരുന്നത് ബഹ്റൈന്‍ ആയിരുന്നു.
എന്നാല്‍, 2017ല്‍ അയല്‍ രാജ്യങ്ങള്‍ കര, നാവിക, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഖത്തര്‍ ഇതിന്റെ അപകടം തിരിച്ചറിഞ്ഞത്. യുഎഇ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം ബഹ്റൈനും വ്യോമ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഖത്തറിന് നിര്‍ണായക തിരിച്ചടിയായത്.
തങ്ങള്‍ക്ക് അവകാശപ്പെട്ട വ്യോമ പരിധി മറ്റൊരു രാജ്യം നിയന്ത്രിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ഖത്തര്‍ 2018ല്‍ ദോഹ എഫ്ഐആര്‍ എന്ന പേരില്‍ സ്വന്തം വ്യോമ പരിധി സ്ഥാപിക്കുന്നിതിനുള്ള ശുപാര്‍ശ ഐസിഎഒയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തെ സാങ്കേതിക പഠനത്തിന് ശേഷമാണ് സമിതി ഇതിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ദോഹ എഫ്ഐആര്‍ നിലവില്‍ വരുന്നതോടെ ഖത്തറിന്റെ നിലവിലുള്ള വ്യമോ പരിധി(ഖത്തര്‍ കരഭൂമിയുടെ മുകളില്‍ മാത്രം ഒതുങ്ങുന്നത്) വികസിക്കും. യുഎഇ, ബഹ്റൈന്‍, ഇറാന് മേഖലകളിലേക്ക് കൂടുതല്‍ പ്രദേശം ലഭിക്കുന്ന രീതിയിലായിരിക്കും വികസനം. ബഹ്റൈന്‍ നിലവിലുള്ള വ്യോമ മേഖലയില്‍ ഒരു ഭാഗം ഖത്തറിന് വിട്ടുനല്‍കേണ്ടി വരും.
കൂടുതല്‍ വ്യോമ സ്വാതന്ത്ര്യം ലഭിക്കുന്നത് ഖത്തര്‍ വ്യോമയാന മേഖലയ്ക്ക് കരുത്തു പകരും. അയല്‍ രാജ്യങ്ങള്‍ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ ദോഹ എഫ്ഐആര്‍ കൂടി വരുന്നതോടെ ഖത്തര്‍ വിമാന ഗതാഗതത്തിന്റെ കാര്യക്ഷമത ഒന്നു കൂടി വര്‍ധിക്കും.