ഖത്തറില്‍ പകര്‍ച്ചവ്യാധി റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി

ദോഹ: പകര്‍ച്ചവ്യാധി രോഗം മനപൂര്‍വ്വം റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഖത്തറില്‍ ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം. ഇത് സംബന്ധമായ നിയമഭേദഗതിയില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവച്ചു.

1990ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നിയമലംഘകര്‍ക്ക് ചുരുങ്ങിയത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കും.

രോഗബാധിതനെ പരിശോധിച്ച ഡോക്ടര്‍, രോഗംബാധിച്ചയാള്‍, കുടുംബനാഥന്‍, രോഗബാധിതന് അഭയം നല്‍കിയയാള്‍, യൂനിവേഴ്‌സിറ്റിയുടെയോ സ്‌കൂളിന്റെയോ മേധാവി, ജോലിസ്ഥലത്താണെങ്കില്‍ സൂപ്പര്‍വൈസര്‍, റിക്രൂട്ട് ചെയ്തയാള്‍ എന്നിവര്‍ക്കാണ് പകര്‍ച്ചവ്യാധിയെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ചുമതല. രോഗംബാധിച്ചത് ഖത്തറിനകത്ത് വച്ചാണെങ്കിലും തൊഴിലാളിയുടെ സ്വദേശത്ത് വ്ച്ചാണെങ്കിലും അധികൃതരെ അറിയിക്കേണ്ടത് റിക്രൂട്ട് ചെയ്തയാളുടെ നിര്‍ബന്ധ ബാധ്യതയാണ്.

നിയമത്തിലെ ഭേദഗതി പ്രകാരം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്ര കാലം ക്വാരന്റൈനില്‍ കഴിയുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐസോലേഷനില്‍ കഴിയുന്നവര്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്.

Wilful non-reporting of persons with infectious disease now a punishable offence in Qatar