ദോഹ: ഖത്തറില്‍ സ്വദേശി യുവതിയില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടി. ഖത്തര്‍ പോസ്റ്റിന്റെ ലോഗോ സഹിതമുള്ള ലിങ്ക് അയച്ചു നല്‍കിയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതെന്ന് നൂറ അല്‍ മര്‍റി എന്ന സ്വദേശി യുവതി പ്രദേശിക പത്രത്തോട് പറഞ്ഞു.
ഓണ്‍ലൈനില്‍ ഖത്തറിന് പുറത്തു നിന്ന് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പനത്തിന് വേണ്ടി കാത്തിരിക്കുന്ന വേളയിലാണ് തനിക്ക് എസ്എംസ് സന്ദേശം വന്നതെന്ന് നൂറ പറഞ്ഞു. പാര്‍സലിന്റെ ഷിപ്പിങ് ചാര്‍ജായി 14 റിയാല്‍ അടക്കാനായിരുന്നു സന്ദേശം. താന്‍ സ്ഥിരമായി ഇടപെടുന്ന ആഗോള തലത്തില്‍ അറിയപ്പെടുന്ന ഷിപ്പിങ് കമ്പനിയുടെ നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. അതുകൊണ്ട് തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സംശയമൊന്നും തോന്നിയില്ല.
ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഖത്തര്‍ പോസ്റ്റിന്റെ ലോഗോയും വിശദാംശങ്ങളും സഹിതമുള്ള പേജ് ആണ് ലഭിച്ചത്. അതില്‍ ബാങ്ക് അക്കൗണ്ട് സഹിതമുള്ള വിശദാംശങ്ങള്‍ നല്‍കി കഴിഞ്ഞതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തട്ടിപ്പുകാരന്‍ ആദ്യം 1000 ഡോളര്‍ പിന്‍വലിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, അക്കൗണ്ടില്‍ അത്രയും തുക ഇല്ലാത്തതിനാല്‍ റിജക്ട് ചെയ്തതായുള്ള എസ്എംഎസ് സന്ദേശം തനിക്ക് ലഭിച്ചു.
അപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വന്നത്. തൊട്ടുപിന്നാലെ തട്ടിപ്പുകാരന്‍ 500 ഡോളര്‍ പിന്‍വലിച്ചു. ഉടന്‍ ബാങ്കിനെ ബന്ധപ്പെട്ട് തന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തു. വിശദാംശങ്ങള്‍ സഹിതം ബാങ്കിന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാരന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്കിനെ സമീപിച്ച് വേണ്ടത് ചെയ്യാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായും നൂറ പറഞ്ഞു.
താന്‍ ഓണ്‍ലൈനില്‍ ഉല്‍പ്പന്നത്തിന് ഓര്‍ഡര്‍ ചെയ്ത കാര്യം തട്ടിപ്പുകാരന്‍ എങ്ങിനെ അറിഞ്ഞു എന്നതാണ് നൂറയെ അല്‍ഭുതപ്പെടുത്തുന്നത്. ഷിപ്പിങ് കമ്പനിയുടെ ഫോണോ തന്റെ ഫോണോ ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നു സംശയിക്കുന്നതായും അവര്‍ വിശദീകരിച്ചു.