ദോഹ:വിമൻ ഇന്ത്യ ഖത്തർ ഔദ്യോഗിക ഗാനം പ്രകാശനം ചെയ്തു. 41 വർഷക്കാലത്തെ സാമൂഹിക സാംസ്കാരിക മേഖലകളിലെ മഹത്തായ സേവനങ്ങൾ ഉൾക്കൊളളുന്ന വിമൻ ഇന്ത്യ ഖത്തറിന്റെ പ്രവർത്തനങ്ങളുടെ രത്നച്ചുരുക്കമാണ് ഔദ്യോഗിക ഗാനം. വിമൻ ഇന്ത്യ ഖത്തറിന്റെ തീം സോംഗ് വിഡിയോ യു ട്യൂബ് വഴിയാണ് പുറത്തിറക്കിയത്. സംഘടനയുടെ പ്രവർത്തനങ്ങൾ മനോഹരമായി ചിത്രീകരിച്ച വിഡിയോ ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ പ്രവാസി വനിതകൾ നെഞ്ചിലേറ്റി.
അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ മകളും , ‘ മുഹമ്മദ് റാഫി ലോക വെൽഫെയർ ഫൌണ്ടേഷൻ’ ഡയരക്റ്ററുമായ നസ്രീൻ മിറാജ് അഹ്മദ് ആണ് തീം സോങ്ങ് പ്രകാശനം ചെയ്തത് . ഗാനം പുറത്തിറക്കുന്ന വേളയിൽ വളരെ വികാര നിർഭരമായ വാക്കുകളിലൂടെ അവർ തന്റെ പിതാവിനെ അനുസ്മരിച്ചു. ഖത്തറിലെ വനിതകൾക്കു അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും കഴിവുകൾ കണ്ടെത്തുന്നതിലും സ്ത്രീകളുടെ കലാ സാഹിത്യ വൈജ്ഞാനിക രംഗത്തെ നൈപുണ്യം വളർത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന സംഘടനയാണ് വിമൻ ഇന്ത്യ ഖത്തർ. അത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി അവരുടെ വ്യക്തിപരമായ സമയം നൽകുന്നുണ്ടെങ്കിൽ അവർ ദൈവം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു മുഖ്യാതിഥി നസ്രീൻ മിറാജ് അഹ്മദ് അഭിപ്രായപ്പെട്ടു.
ഭാഷയും, വക്കും, പദങ്ങളും, സംഗീതവുമെല്ലാം ചെറുത് നിൽപ്പിന്റെ, പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ, അതിജീവനത്തിന്റെ, ഐയ്ക്യദാർഢ്യത്തിന്റെ മാധ്യമമാവേണ്ട കാലമാണിപ്പോൾ എന്നും, ഗസ്സയിലെ നിഷ്കളങ്കരായ കുഞ്ഞുങ്ങളോടും , ഫലസ്തീൻ ജനതയോടും, ഖുദ്ദൂസ് വിമോചന പോരാളികളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിമൻ ഇന്ത്യ പ്രസിഡന്റ്റ് നഹിയ ബീവി സംസാരിച്ചു.
ചെറുപ്രായത്തിൽ തന്നെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി യൂ ട്യൂബിൽ മില്ല്യൻ കാഴ്ച്ചക്കാരുള്ള ബാല ഗായിക ആയിശ അബ്ദുൽ ബാസിത് സൂം പ്ലാറ്റ് ഫോമിൽ നടന്ന പരിപാടി ഗാനമാലപിച്ചു കൊണ്ട് ഉദ്‌ഘാടനം ചെയ്തു. ഷാഫി മൊയ്തു രചന നിർവഹിച്ച വിമൻ ഇന്ത്യ ഖത്തർ തീം സോംഗിന് സംഗീത സംവിധായകൻ അമീൻ യാസിർ ഈണം പകർന്നു. തലശ്ശേരി സ്വദേശി റഫ റാസിക്കാണ് തീം സോംഗിന് ശബ്ദം നൽകിയത് .വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച വിമൻ ഇന്ത്യയുട ഔദ്യോഗിക ഗാനത്തിന് ലുലു അഹ്സന ദൃശ്യ വിരുന്നൊരുക്കിയപ്പോൾ പ്രവാസ ലോകത്തിന് അത് വേറിട്ട അനുഭവമായി മാറി.
മുന്നൂറോളം സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ സി.ഐ.സി.പ്രസിഡന്റ്റ് കെ,ടി.അബ്ദുറഹ്മാൻ , ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ്റ് സി.വി.ജമീല , വിമൻ ഇന്ത്യ തീം സോംഗ് ഗായിക റഫ റാസിഖ്, രചയിതാവ് ഷാഫി മൊയ്തു , സംഗീത സംവിധായകൻ അമീൻ യാസിർ , തനിമ ഖത്തർ ഡയറക്ടർ അഹമദ് ഷാഫി എന്നിവർ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പരിപാടിയിൽ ബബീന ബഷീർ പ്രാരംഭ പ്രാർത്ഥന നടത്തി. വിമൻ ഇന്ത്യ ഖത്തർ പി .ആർ. ആൻഡ് മീഡിയ സെക്രട്ടറി മുഹ്സിന നന്ദി പറഞ്ഞു. ശാദിയ ശരീഫ് പരിപാടി നിയന്ത്രിച്ചു.