ദോഹ: ഇന്ധനം നിറയ്ക്കുന്നതിന് പണവും ബാങ്ക് കാര്‍ഡും ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വുഖൂദ് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി വുഖൂദി ടാഗുകള്‍ നല്‍കും. 195 റിയാല്‍ വിലയുള്ള ടാഗ് ഇന്ധന ടാങ്കിന്റെ വായ്ഭാഗത്ത് ഘടിപ്പിക്കുന്ന മൈക്രോചിപ്പാണ്.
പേമെന്റ് വേഗത്തിലാക്കാനും ടാങ്കില്‍ നിറയുന്ന എണ്ണയുടെ അളവ് സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാക്കാനും സഹായിക്കുന്നതാണ് ഈ ചിപ്പ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ഇന്ധനം നിറച്ച സ്ഥലം, തിയ്യതി, സമയം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ചിപ്പ്.
മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവില്‍ ഖത്തര്‍ ഐഡിയും ഇസ്തിമാറയും ഹാജരാക്കിയാല്‍ സൗജന്യമായി വുഖൂദി ടാഗ് ലഭിക്കും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വുഖൂദിന്റെ തീരുമാനം.
വുഖൂദില്‍ നിന്ന് കാര്‍ വാഷ് നടത്തുന്നവര്‍ക്ക് വാഹനം സൗജന്യമായി അണുവിമുക്തമാക്കി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Content Highlight: Woqod to provide free microchips to everyone in Qatar to avoid using cash or cards at its fuel stations