ദോഹ: കൊറോണ വ്യാപനം തടയുന്നതിനുള്ള നിബന്ധനയുമായി ബന്ധപ്പെട്ട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കാന്‍ പാടില്ലെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ജോലിയെയും കുടുംബ ജീവിതത്തെയും ബാധിക്കാത്ത രീതിയിലാവണം വര്‍ക്ക് അറ്റ് ഹോം മുന്നോട്ട് കൊണ്ടുപോവേണ്ടതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
തൊഴില്‍ കരാറില്‍ ഉള്ളതു പോലെ ശമ്പളം, ഭക്ഷണം, അക്കോമഡേഷന്‍, മറ്റ് അലവന്‍സുകള്‍ എന്നിവ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും നല്‍കണം. വീട്ടിലെ ജോലി സമയം തൊഴിലുടമയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പരമാവധി ജോലി സമയം ഓഫിസിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായിരുന്ന ശരാശരി ജോലി സമയത്തേക്കാള്‍ കൂടാന്‍ പാടില്ല. ജോലി സമയം ആറ് മണിക്കൂറായി കുറച്ച മേഖലകളില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ട് മണിക്കൂര്‍ അധികജോലി ചെയ്യാവുന്നതാണ്.
അതേ സമയം, ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന അതേ കാര്യക്ഷമതയും ഗുണനിലവാരവും വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴും തൊഴിലാളി പാലിക്കണം. ജോലി സമയത്ത് മറ്റ് വ്യക്തിഗത കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. ആവശ്യമാണെങ്കില്‍ ലീവ് വാങ്ങണം. നിശ്ചിത സമയത്തിന് ശേഷം ജോലിയില്‍ നിന്ന് ഒഴിവാകുകയും ജോലിയും വ്യക്തിഗത ജീവിതവും തമ്മിലുള്ള സമതുലിതത്വം പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിക്കാരുടെ സാന്നിധ്യം പരമാവധി 20 ശതമാനമായി കുറച്ചിരുന്നു. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിര്‍ദേശം.
Work-from-home should not affect salaries, work-life balance