ഖത്തറിലെ യമനി കൊലപാതകം വിധി ഇന്ന്

ദോഹ: ഖത്തറില്‍ യമനി കൊലചെയ്യപ്പെടുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഖത്തര്‍ ക്രിമിനല്‍ കോടതി ഇന്ന് വിധി പറയും. നിരവധി മലയാളികളടക്കം ഉള്‍പ്പെട്ട കൊലപാതക കേസില്‍ മൊത്തം 27 ഇന്ത്യക്കാരാണ് പ്രതികളായുള്ളത്. മൂന്ന് പ്രതികള്‍ പോലീസിന്റെ പിടിയില്‍പെടാതെ രക്ഷപ്പെട്ടു. ബാക്കിയുള്ളവരൊക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. 2020 ഫെബ്രുവരി മാസം മുതല്‍ കൊറോണ കാരണം കേസ് നീണ്ടുപോവുകയും കഴിഞ്ഞ മാസം 19 നാണ് കേസ് അവസാനമായി കോടതി കേട്ടതോടെ വിധിപറയുന്നതിനായി  ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. 2019 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതിനായി ഏതാനും ഇന്ത്യക്കാര്‍ ചേര്‍ന്ന് യമനി പൗരനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം വിവിധ സ്രോതസുള്‍ ഉപയോഗപ്പെടുത്തി പണം നാട്ടിലെത്തിച്ചു.

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ ജയില്‍ സന്ദര്‍ശന വേളയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചില മലയാളികളുടെ നിപരാധിത്വം ശ്രദ്ധയില്‍പെടുകയും അവര്‍ക്ക് സൗജന്യമായ നിയമസഹായം കേച്ചേരി ആന്റ് പാര്‍ട്ണേര്‍സിന്റെ ആഭിമുഖ്യത്തില്‍ നല്‍കുകയും ചെയ്തു. കൊലപാതകത്തെക്കുറിച്ചറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ കളവ് മുതല്‍ കൈവശം വെച്ചു, തങ്ങളുെട ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്കയക്കാന്‍ സഹായിച്ചു എന്നിവയൊക്കെയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഖത്തറിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ കേസില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കാണ് കോച്ചേരി സൗജന്യ നിയമസഹായം ലഭ്യമാക്കിയത്. അതേസമയം സ്വര്‍ണം സൂക്ഷിച്ച റൂമില്‍ താമസിച്ചവര്‍, പ്രതികളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചവര്‍, പ്രതികള്‍ ഉപയോഗിച്ച വണ്ടി തുടങ്ങിയവയൊക്കെ ഒരു വര്‍ഷത്തിലേറെയായി നിയമപരമായ കുരുക്കിലാണെന്നാണ് സൂചന.