ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍: ഹൈക്കോടതി വിധി നിരാശാജനകം,സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- യൂത്ത് ഫോറം

youth forum qatar

ദോഹ: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിരാശാജനകമെന്ന് യൂത്ത് ഫോറം ഖത്തര്‍. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധിയെന്നും യൂത്ത് ഫോറം കേന്ദ്ര കൂടിയാലോചനാ സമിതി വിലയിരുത്തി.

മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി മാത്രം ആവിഷ്‌കരിച്ച പദ്ധതികളാണ് ഹൈക്കോടതി വിധിയിലൂടെ റദ്ദായത്. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റിയുടെ കണ്ടെത്തലുകളില്‍ നിന്ന് മുസ്‌ലിംകളുടെ ഉദ്യോഗ പ്രാതിനിധ്യത്തിന്റെയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെയും നേര്‍ചിത്രങ്ങള്‍ ലഭ്യമാണ്. സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള പ്രായോഗിക പരിഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി ശിപാര്‍ശയിലെ സുപ്രധാന നിര്‍ദേശങ്ങളൊന്നും നടപ്പിലാക്കാതെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമാണ് ഇതുവരെ നടപ്പിലാക്കിയത്.

പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും മുസ്ലിം സമുദായത്തെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതികള്‍ എന്നിരിക്കെ 2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍, എല്ലാ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെയും 80 ശതമാനവും മുസ്ലിംകള്‍ക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം കേരളത്തില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന് സാധൂകരണം നല്‍കുന്നതാണ് കോടതി വിധി.

മുസ്‌ലിംകള്‍ എല്ലാം കൈക്കലാക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമുദായിക ധ്രുവീകരണത്തിനും സ്പര്‍ധക്കും കാരണമാകുമെന്നതിനാല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച ധവള പത്രം പുറത്തുവിടണമെന്ന് നിരവധി സംഘടനകള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടതാണ്. സര്‍ക്കാര്‍ അതിന് സന്നദ്ധമാകാത്തതു കൂടിയാണ് ഇത്തരമൊരു വിധി വരാനുണ്ടായ സാഹചര്യം.

ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായല്ല ഓരോ വിഭാഗത്തിന്റെയും പിന്നാക്കാവസ്ഥ പരിഗണിച്ച് വേണം വിതരണം ചെയ്യപ്പെടാന്‍. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ചതില്‍ നിന്നും എടുക്കുകയല്ല മറിച്ച് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടത്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥയെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് സര്‍ക്കാര്‍ മതിയായ പരിഹാര നടപടികള്‍ കൈക്കൊള്ളണം.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണം. അതിന് തുരങ്കം വക്കുന്ന ഈ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.