ദോഹ: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുന്ന അല്‍ജസീറയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ യൂട്യുബ് ശ്രമം. അല്‍ ജസീറയുടെ അറബിക് ലൈവ് സ്ട്രീമിന് പ്രായ പരിധി നിര്‍ണയിച്ച് നിയന്ത്രണമേര്‍പ്പെടുത്താനാണ് യുട്യൂബ് ശ്രമിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നിയന്ത്രണം പിന്‍വലിച്ചു.
ബുധനാഴ്ച്ച രാവിലെയാണ് ചാനലിന്റെ ഉള്ളടക്കം അനുചിതമാണെന്നും ലൈവ് സ്ട്രീം കാണുന്നതിന് പ്രായം തെളിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശം അല്‍ ജസീറ അറബിക് യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ടത്.
ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണിതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് യുട്യൂബ് നിയന്ത്രണം എടുത്തുകളഞ്ഞത്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പ്രായപരിധി വച്ചതെന്നും അത്തരം ദൃശ്യങ്ങള്‍ ഒഴിവായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്നുമാണ് പിന്നീട് യുട്യുബ് വിശദീകരിച്ചത്. അതേസമയം, അംഗീകൃത വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദൃശ്യങ്ങള്‍ വരാറുണ്ട്. ലൈവ്‌സ്ട്രീമിങിന് അത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അപൂര്‍വ്വമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയയുടെ പക്ഷപാതിത്വം
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പക്ഷപാതിത്വ നിലപാട് സ്വീകരിക്കുന്നതായി നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ മാസമാദ്യം മസ്ജിദുല്‍ അഖ്‌സയിലെയും ശെയ്ഖ് ജര്‍റാഹിലെയും സ്ഥിതിഗതികള്‍ റിപോര്‍ട്ട് ചെയ്ത നിരവധി വീഡിയോകളും ചിത്രങ്ങളും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തിരുന്നു. പല അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തു.
ഗൂഗിളിന് കത്ത്
ഫലസ്തീന് കൂടുതല്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ഗൂഗിളിലെ നിരവധി ജൂത ജീവനക്കാര്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതി. ജ്യൂവിഷ് ഡയസ്‌പോറ ഇന്‍ ടെക് എന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് കത്ത്. ഗസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന അക്രമങ്ങളെ സിഇഒ അപലപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സയണിസത്തിനെതിരായി പറയുന്നത് സെമിറ്റിക് വിരുദ്ധമായി കണക്കാക്കരുതെന്നും രണ്ടിനെയും വേര്‍തിരിച്ച് കാണണമെന്നും 250 പേര്‍ ഒപ്പിട്ട കത്തില്‍ ചൂണ്ടിക്കാട്ടി.
ALSO WATCH