ദോഹ: റമദാന് പ്രമാണിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉല്പന്നങ്ങള്ക്ക് അമിത വില ഈടാക്കിയാല്‍ അറിയിക്കണമെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. അമിത വില ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദേശം നൽകി. 801 ഇനം ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങളുടെ വിലയാണ് വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞദിവസം കുറച്ചത്.
വിലകുറച്ച ഉല്പന്നങ്ങള്ക്ക് കച്ചവടക്കാര്‍ ഉപഭോക്താക്കളില്‍നിന്ന് അധികവില ഈടാക്കിയാല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്ന് മന്ത്രാലയം കണ്‍സ്യൂമര്‍ അഫയേഴ്സ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അല്‍ മീര, കാരിഫോര്‍, ലുലു, സഫാരി, അന്‍സാര്‍ ഗാലറി, അസ്വാഖ് റാമിസ്, ഗ്രാന്‍ഡ്, അല്‍ സഫീര്‍, ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് ആന്‍ഡ് ഷോപ്പിങ് സെന്റര്‍, റവാബി, മാസ്കര്‍, സൗദിയ ഹൈപര്‍മാര്‍ക്കറ്റ്, ഫുഡ്വേള്ഡ്, ഫാമിലി ഫുഡ്സെന്റര്‍, മെഗാ മാര്‍ട്ട്, ഫുഡ് പാലസ് എന്നിവ വഴിയാണ് കുറഞ്ഞ വിലയില്‍ വിവിധ സാധനങ്ങള്‍ ലഭ്യമാക്കുന്നത്.
തേന്‍, ധാന്യപ്പൊടികള്‍, മാവ്, പാല്-തൈര് അനുബന്ധ ഉല്പന്നങ്ങള്, ജ്യൂസ്, പഞ്ചസാര, കോഫി, ഈത്തപ്പഴം, കുടിവെള്ളം, ടിന് ഫോയില്‍, വാഷിങ് പൗഡര്‍, ട്രാഷ് ബാഗ്, പാസ്ത, അരി, ശീതീകരിച്ച പച്ചക്കറികള്‍, മുട്ട, ഇറച്ചി ഉല്പന്നങ്ങള് തുടങ്ങി നിരവധി അവശ്യ സാധനങ്ങള്‍ ഇവയില്‍ പെടും. വാണിജ്യ മന്ത്രാലയം വെബ്സൈറ്റില്‍ സാധനങ്ങളുടെ പേരും വില വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.