റിയാദ്:ക്വാറന്റൈൻ നിയമലംഘനം നടത്തിയ 131 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽനിന്നാണ് ഇത്രയും പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതെന്ന് ഖസീം പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണൽ ബദ്ർ അൽസുഹൈബാനി അറിയിച്ചു.
വിദേശങ്ങളിൽനിന്ന് എത്തിയ ശേഷം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചവരും കൂട്ടത്തിലുണ്ട്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ബാധകമാക്കുന്നത് നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപനം നടത്തിയാണ് നിയമലംഘകരെ പിടികൂടിയത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
ക്വാറന്റൈൻ, ഐസൊലേഷൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷയാണ് ലഭിക്കുക.