Friday, May 27, 2022
HomeGulfറിയാദ് കേളി ഇ.എം.എസ്, എ.കെ.ജി. അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് കേളി ഇ.എം.എസ്, എ.കെ.ജി. അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്കാരിക വേദി, രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സഖാക്കൾ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.

രക്ഷാധികാരി സമിതി അംഗം വർഗീസ് ഇടിച്ചാണ്ടി അനുസ്‌മരണ പ്രമേയവും, റൗദ ഏരിയ അംഗവും ചില്ല സർഗ്ഗവേദി കോഡിനേറ്ററുമായ സുരേഷ്‌ ലാൽ മുഖ്യപ്രഭാഷണവും നടത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്ന, ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഊർജ്ജവും ആവേശവും പകർന്ന രണ്ട് സഖാക്കളാണ് ഇഎംഎസും എകെജിയുമെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രയപ്പെട്ടു. അവർ അന്നു നടത്തിയ പോരാട്ടങ്ങളുടെ ആവേശമുൾക്കൊണ്ട്  ഇന്ത്യയിലെ സംഘപരിവാറിന്റെ ദുർഭരണത്തിനെതിരെയും വർഗ്ഗീയ വിഭജനത്തിനെതിരെയും ശക്തമായ ചെറുത്തുനിൽപ്പ് സംഘടിക്കാൻ ഇന്ത്യയിലെ തൊഴിലാളികളടക്കമുള്ള എല്ലാവരും മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രയപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഫിറോസ്‌ തയ്യിൽ, അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സജിന സിജിൻ, ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് എന്നിവർ സഖാക്കളെ അനുസ്‌മരിച്ചു സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ 539 പേരുടെ രക്തം സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.

Most Popular