ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഔട്ട്‌പേഷ്യന്റ് സേവനങ്ങളില്‍ മാറ്റം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഔട്ട്‌പേഷ്യന്റ് സേവനങ്ങളില്‍ മാറ്റം. ഖത്തറില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. 2022 ജനുവരി രണ്ട് ഞായറാഴ്ച മുതല്‍ ഒപി അപ്പോയിന്മെന്റുകൾ അൻപത് ശതമാനം ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനുകളിലേക്ക് മാറ്റി. ബാക്കി 50 ശതമാനം മാത്രമാണ് നേരിട്ടുള്ള കണ്‍സള്‍ട്ടേഷനുകളില്‍ നല്‍കുക. ഖത്തര്‍ പി.എച്ച്.സി സിയും തങ്ങളുടെ ജനറല്‍, സ്പെഷ്യലൈസ്ഡ്, ഫാമിലി മെഡിസിന്‍, ഡെന്റല്‍ സേവനങ്ങള്‍ 50 ശതമാനം ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.

ടെലിമെഡിസിന്‍ ഔട്ട്‌പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ സ്വീകരിക്കുന്ന രോഗികളോട് അപ്പോയിന്റ്‌മെന്റിനായി ആശുപത്രിയില്‍ വരുതെന്ന് എച്ച്.എം.സി നിർദേശിച്ചു . കണ്‍സള്‍ട്ടേഷനായി, അപ്പോയിന്റ്‌മെന്റ് ദിവസം ഡോക്ടര്‍ രോഗിയെ ടെലിഫോണ്‍ ചെയ്യും. രോഗിക്ക് നേരിട്ടുള്ള കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍ക്ക് തോന്നുകയാണെങ്കില്‍ അവശ്യമായ ഒരുക്കത്തിന് ശേഷം രോഗിയെ നേരിട്ട് പരിശോധിക്കുന്നതിന് അനുമതി നല്‍കും.

എച്ച്.എം.സിയുടെ അത്യാഹിത വിഭാഗങ്ങളും ആംബുലന്‍സ് സേവനവും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്.  ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെ 16000 എന്ന നമ്പറില്‍, അപകടാവസ്ഥയില്‍ അല്ലാത്ത രോഗികളെ സഹായിക്കാന്‍ എച്ച്.എം.സിയുടെ വെര്‍ച്വല്‍ എമര്‍ജന്‍സി സര്‍വ്വീസും ലഭ്യമാണ്.