Monday, May 16, 2022
HomeGulfറിയാദിലെ മലയാളി വിദ്യാർത്ഥികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ

റിയാദിലെ മലയാളി വിദ്യാർത്ഥികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ

റിയാദ് : ഇന്ത്യയുടെ പതിനാല് പ്രസിഡന്റ്റുമാരുടെയും, പതിനഞ്ച് പ്രധാനമന്ത്രിമാരുടെയും ഫോട്ടോകൾ A4 പേപ്പറിൽ സ്കെച്ച് രൂപത്തിൽ രേഖപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ റിയാദിലെ മലയാളി വിദ്യാർത്ഥിയായ വചൻ സുനിലിനെ കേളി കലാസാംസ്കാരിക വേദി ആദരിച്ചു.  മോഡേൺ മിഡിൽ ഈസ്റ്റ്‌ ഇന്റർനാഷണൽ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് വചൻ. കേളിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളന സദസ്സിലാണ് വചൻ സുനിലിനെ കേളി ആദരിച്ചത്.

2×3 സെ.മി. വലുപ്പത്തിൽ പെൻസിൽ കൊണ്ടാണ് വചൻ സ്കെച്ചുകൾ ആലേഖനം ചെയ്തത്. ഹരിയാന ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അധികൃതർ “Maximum Pencil Sketches of Indian Prime Ministers and Presidents” എന്ന ശീർഷകത്തിലാണ് വചന് റെക്കോർഡ് സർട്ടിഫിക്കറ്റ്, മെഡൽ, ഐഡി കാർഡ്, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകിയത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയായ വചൻ സുനിൽ, മലയാളം മിഷൻ  സൗദി  ചാപ്റ്റർ സംഘടിപ്പിച്ച ഡ്രോയിങ്ങ് മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിനും അപേക്ഷ സമർപ്പിച്ച്  കാത്തിരിക്കയാണ്.  കഴിഞ്ഞ 5 വർഷമായി  ഡ്രോയിങ്  പഠിക്കുന്ന വചൻ സുനിൽ റിയാദിലെ ഷിനു ആർട്സിലും, ഇപ്പോൾ മുംബൈ ആസ്ഥാനമായുള്ള  ‘സ്ക്രിബിൾസ് ആൻഡ് സ്കെച്ചസ്’  എന്ന സ്ഥാപനത്തിലും ചിത്രംവര പരിശീലിച്ചു വരികയാണ്. കഴിഞ്ഞ 11 വർഷമായി റിയാദിലുള്ള സോഫ്റ്റ്‌വെയർ പ്രൊഫഷണലും, കേളി കലാസംസ്ക്കാരിക വേദി കേന്ദ്രക്കമ്മറ്റിയംഗവും,  റൗദ ഏരിയാ സെക്രട്ടറിയുമായ  സുനിൽ സുകുമാരന്റെയും, മോഡേൺ മിഡിൽഈസ്റ്റ്‌ സ്കൂൾ അദ്ധ്യാപിക  അനു സുനിലിന്റെയും മകനാണ് വചൻ, സഹോദരി  വേദ സുനിൽ യുകെജി വിദ്യാർത്ഥിനിയാണ്.

വചൻ സുനിലിനോടൊപ്പം ‘മെമ്മറി മാരത്തോൺ’ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ യുക്ത ആർ മനോജിനേയും, വിസ്മയ ആർ മനോജിനേയും കേളി വാർഷിക ദിനത്തിൽ അനുമോദിച്ചു. അവരെ റെക്കോഡിന് അർഹരാക്കിയ ഇനങ്ങൾ അവർ കേളിയുടെ വേദിയിൽ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി.

Most Popular