മക്ക: രണ്ടു വര്‍ഷത്തെ മഹാമാരിക്കുശേഷം വിപുലമായ ഹജ്ജിന് ഒരുങ്ങുമ്ബോള്‍ സുരക്ഷയൊരുക്കി ഹജ്ജിനായി കാത്തിരിക്കുകയാണ് മക്ക നഗരി.
അതിര്‍ത്തികളില്‍ കൃത്യമായ പരിശോധന നടത്തിയാണ് ഓരോരുത്തരെയും നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വിദേശികളും സ്വദേശികളും അടക്കം 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടുപ്രകാരം, 2020ല്‍ കോവിഡിന്റെ ആദ്യ വ്യാപനസമയത്ത് 1000 തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജ്ജ് നടന്നത്. 2021ല്‍ രാജ്യത്ത് നിന്ന് കോവിഡ് വാക്സിനേഷന് നടത്തിയ 60,000 പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി ഹജ്ജ് പരിമിതപ്പെടുത്തി.
കോവിഡ് വാക്സിന് എടുത്ത 65ല്‍ താഴെ പ്രായമുള്ളവര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള 80 ശതമാനം തീര്‍ഥാടകര്‍ രാജ്യത്ത് ഇതിനകം എത്തിയിട്ടുണ്ട്.