അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

illegal mobile selling

റിയാദ്: റിയാദില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും നടത്തിയ 41 വിദേശികള്‍ പിടിയിലായി. അല്‍മുര്‍സലാത്ത് ഡിസ്ട്രികടിലെ മൊബൈല്‍ ഫോണ്‍ സൂഖില്‍ റിയാദ് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയര്‍ മേഖലയിലെ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ഈ മേഖലകളില്‍ ജോലി ചെയ്ത വിദേശികളാണ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയര്‍ മേഖലയില്‍ വിദേശികള്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളും അല്‍മുര്‍സലാത്ത് മൊബൈല്‍ ഫോണ്‍ സൂഖിനോട് ചേര്‍ന്ന ഗോഡൗണുകളുമാണ് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്്. ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.