
റിയാദ്: ഇരുപത്തിയഞ്ചു മാസത്തെ ആടുജീവിതത്തിന്റെ മറക്കാത്ത ഓര്‍മ്മകളുമായി അന്‍ഷാദ് നാളെ നാട്ടിലേക്ക് വിമാനം കയറുന്നു. 2017 ഒക്ടോബര്‍ 18നാണു ഹൗസ് ഡ്രൈവര്‍ വിസയില്‍ അന്‍ഷാദ് റിയാദില്‍ എത്തുന്നത്. സ്‌പോണ്‍സറുടെ അതിഥികള്‍ക്ക് ചായയും ഖഹ്വയും നല്‍കുന്ന ജോലി എന്നായിരുന്നു വിസ നല്‍കിയ നാട്ടുകാരനായ ഏജന്റ് പറഞ്ഞിരുന്നതെങ്കിലും ഒട്ടകത്തെ മേക്കുന്ന ജോലിയാണ് അന്‍ഷാദിന് ലഭിച്ചത്.
റിയാദില്‍ നിന്ന് 350കിലോമീറ്റര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തുള്ള മരുഭൂമിയില്‍ ഒട്ടകത്തെ മേക്കാന്‍ തുടങ്ങിയ അന്‍ഷാദിന് തുടര്‍ന്നുള്ള ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കുടിക്കാന്‍ ശുദ്ധജലമോ കഴിക്കാന്‍ ഭക്ഷണമോ ലഭിക്കാതെയും ക്രൂരനായ സ്‌പോണ്‍സറുടെ മര്‍ദ്ദനവും മൂലം 73 കിലോ ഉണ്ടായിരുന്ന അന്‍ഷാദ് 50 കിലോ ആയി കുറഞ്ഞു. അടുത്തുള്ള സുഡാനികളും ബംഗാളികളും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്.
കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്‌പോണ്‍സര്‍ വാങ്ങി വച്ചിരുന്നത് കൊണ്ട് പുറം ലോകവുമായി ബന്ധപ്പെടാനും അന്‍ഷാദിന് കഴിഞ്ഞില്ല. ഒരിക്കല്‍ സുഡാനി നല്‍കിയ ഫോണില്‍ നിന്നാണ് അന്‍ഷദ് നാട്ടിലേക്ക് വിളിച്ചു തന്റെ ദുരിതകഥ അറിയിക്കുന്നത്. പിന്നീട് അന്‍ഷാദിന്റെ നാട്ടുകാരനായ സിയാദ് ഇക്കാര്യം അറിയുകയും അവനെ ഇതില്‍ നിന്നു മോചിപ്പിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു. അതുപോലെ അന്‍ഷാദിന് നാട്ടില്‍ വിളിക്കുന്നതിന് മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും നല്‍കിയിരുന്നു.
പിന്നീട് നാട്ടിലുള്ള കുടുംബം പലതവണ കേരള ഗവണ്‍മെന്റുമായും അതുപോലെ നോര്‍ക്ക വഴിയും എംബസിയിലേക്ക് പരാതി നല്‍കുകയും നിരവധി സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും അന്‍ഷാദിന്റെ മോചനത്തിനായി ശ്രമം നടത്തുകയും ചെയ്തു. ഒരിക്കല്‍ ജോലിസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അന്‍ഷാദ് മരുഭൂമിയിലൂടെ 90 കിലോമീറ്റര്‍ സഞ്ചരിച്ച് സമുദാ പോലീസ് സ്റ്റേഷനില്‍ എത്തുകയും തന്നെ സ്‌പോണ്‍സര്‍ പീഡിപ്പിക്കുന്നതായി പരാതി നല്‍കുകയും എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം എന്ന് പറയുകയും ചെയ്തു.
എന്നാല്‍, സ്‌പോണ്‍സറെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്‍ അവന്റെ ശമ്പളം മുഴുവനായി നല്‍കാമെന്നും ഒരു മാസത്തിനുള്ളില്‍ നാട്ടിലേക്ക് വിടാം എന്നും എഴുതി വാങ്ങി വീണ്ടും അന്‍ഷാദിനെ സ്‌പോണ്‍സറോടൊപ്പം വിടുകയാണുണ്ടായത്. പിന്നീടും ശമ്പളമോ ഭക്ഷണമോ നല്‍കാതെ പീഡനം തുടര്‍ന്നു. ഒടുവില്‍ അന്‍ഷാദിന്റെ കുടുംബം റിയാദിലുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അന്‍ഷാദിനെ മോചിപ്പിക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഹഫര്‍ അല്‍ ബാത്തിനില്‍ ഉള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വളണ്ടിയറുമായ നൗഷാദ് കൊല്ലത്തെ അന്‍ഷാദിന്റെ മോചനത്തിനായി ഇടപെടാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതിപത്രം വാങ്ങിയ നൗഷാദ് കൊല്ലം റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ഉപ്പടയോടൊപ്പം സാമൂദാ പോലീസ് സ്റ്റേഷനില്‍ പോകുകയും അവിടെയുള്ള ജബ്ബാര്‍ എന്ന അമ്പലപ്പുഴ സ്വദേശിയുടെ സഹായത്തോടെ അന്‍ഷാദിനെ മോചിപ്പിക്കുകയും അന്‍ഷാദിന് കിട്ടാനുള്ള മുഴുവന്‍ ശമ്പളവും വാങ്ങി നല്‍കുകയും ചെയ്തു.
നവംബര്‍ പത്തൊമ്പതാം തിയ്യതി മോചിതനായ അന്‍ഷാദ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞദിവസം പരിശുദ്ധ ഉംറ നിര്‍വ്വഹിച്ചു വന്ന അന്‍ഷാദ് നാളെ നാട്ടിലേക്ക് പോകും. അന്‍ഷാദിനുള്ള വിമാന ടിക്കറ്റ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആണ് നല്‍കിയത്.