കേളി ബദിയ ഏരിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

റിയാദ്: നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ചികിത്സാവിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് പ്രവാസികളുടേയും യുവതലമുറയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി സഫാമക്കാ പോളിക്‌ളിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ലബ്ബ അഭിപ്രായപ്പെട്ടു. ഇത്തരം വ്യാജ ചികിത്സാ പ്രചാരകര്‍ ഇഡിയറ്റ് സിണ്ട്രോമിന്റെ വക്താക്കള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേളി കലാ സാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ‘ആധുനിക ജീവിത ശൈലിയും രോഗങ്ങളും’എന്ന വിഷയത്തില്‍ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ബദിയ ഏരിയ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ‘ആധുനിക ഭക്ഷണരീതികളും അതിന്റെ ദൂഷ്യവശങ്ങളും’ എന്ന വിഷയത്തില്‍ കേളി കുടുംബവേദി അംഗമായ രജീഷ നിസ്സാം ക്ലാസ്സ് എടുത്തു.

ബദിയയില്‍ നടന്ന പരിപാടിയില്‍ ബദിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ സത്യവാന്‍ അധ്യക്ഷതയും ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, പ്രഭാകരന്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ പ്രസിഡന്റ് മധു എലത്തൂര്‍, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ബദിയ കുടുംബവേദി സെക്രട്ടറി ബിന്ദു മധു എന്നിവര്‍ സംസാരിച്ചു. ബദിയ ഏരിയയിലുള്ള കേളിയിലേയും കുടുംബ വേദിയിലേയും അംഗങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് ഏരിയാ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ നിസ്സാം നന്ദി പറഞ്ഞു.