ബാങ്കില്‍ നിന്ന് പണവുമായി മടങ്ങുന്ന സൗദിയെ പിന്തുടര്‍ന്ന് 50,000 റിയാല്‍ കവര്‍ന്ന വിദേശികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ ഉനൈസയില്‍ സ്വദേശി പൗരനില്‍ നിന്ന് അരലക്ഷം റിയാല്‍ കവര്‍ന്ന മൂന്ന് വിദേശികള്‍ പിടിയില്‍. ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ സൗദി പൗരനെ പിന്തുടര്‍ന്ന് 50,000 റിയാല്‍ കവര്‍ന്ന മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ഖസീം പോലീസ് അറിയിച്ചു. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സുദാനികളാണ് പിടിയിലായത്.

ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ സൗദി പൗരനെ രഹസ്യമായി പിന്തുടര്‍ന്ന സംഘം കാറിന്റെ ചില്ല് തകര്‍ത്ത് അകത്തുനിന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സൗദി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അല്‍ഖസീം പോലീസ് വക്താവ് ലഫ്. കേണല്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു.