മോഷണത്തെ തുടര്‍ന്ന് അടച്ച ഹറമൈന്‍ എക്‌സിബിഷന്‍ വീണ്ടും തുടങ്ങി

മക്ക: മോഷണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച് മക്കയിലെ ഹറമൈന്‍ എക്സിബിഷന്‍ വീണ്ടും ആരംഭിച്ചു. മക്ക ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന എക്സിബിഷനില്‍ നിന്ന് ഏതാനും അമൂല്യമായ പുരാവസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് എക്സിബിഷന്‍ അടച്ചത്. രണ്ടാഴ്ചക്കു ശേഷമാണ് എക്സിബിഷന്റെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ വീണ്ടും തുറന്നത്.

രണ്ടാഴ്ച മുമ്പ് പുരാവസ്തുക്കള്‍ കവരുന്നതിന് തുര്‍ക്കി വംശജന്‍ ഹറമൈന്‍ എക്സിബിഷനിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. നിരീക്ഷണ ക്യാമറകള്‍ വഴിയാണ് എക്സിബിഷനില്‍ നുഴഞ്ഞുകയറിയ തുര്‍ക്കിക്കാരനെ അധികൃതര്‍ കണ്ടെത്തിയത്. പ്രതിയെ വൈകാതെ സുരക്ഷാ വകുപ്പ് വലയിലാക്കി.

പ്രതിക്ക് ഇസ്ലാമിക ശരീഅത്ത് അനുസരിച്ച ഏറ്റവും കടുത്ത ശിക്ഷ ലഭിക്കും. കവര്‍ച്ചാ സംഭവമുണ്ടായ ഉടന്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും മറ്റും ഹറംകാര്യ വകുപ്പ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു.