ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസറാവാനൊരുങ്ങി ഹംന മറിയം. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിറ്റില്‍ മലയാളിയായ ഹംന മറിയം ഡിസംബര്‍ അഞ്ചിനാണ് കോണ്‍സലായി ചുമതലയേല്‍ക്കുക. കൊമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് നിയമനം.
നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഹംന മറിയം എത്തുന്നത്. ഡല്‍ഹിയിലെ രാംജാസ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഹംന മറിയം ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28ാം റാങ്കുകാരിയായി രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്.
കോഴിക്കോട്ടെ ശിശു രോഗവിദഗ്ധന്‍ ഡോ. ടി പി അഷ്‌റഫിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി വി ജൗഹറയുടെയും മകളാണ്. 2017 ഐഎഫ്എസ് ബാച്ചുകാരിയാണ് ഹംന. പാരിസ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ജിദ്ദയിലേക്കു മാറ്റം കിട്ടിയ ഹംനയുടെ ഭര്‍ത്താവ് തെലങ്കാന കേഡറിലെ അബ്ദുല്‍ മുസമ്മില്‍ ഖാനാണ്.