സൗദി അരാംകോ ഓഹരി വാങ്ങാന്‍ മലയാളികളും; 28 വരെ നിങ്ങള്‍ക്കും അപേക്ഷിക്കാം

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മലയാളികളും. ആയിരക്കണക്കിന് വിദേശികളാണ് ഓഹരി വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

അരാംകോ ആദ്യമായാണ് ഓഹരികള്‍ വില്‍ക്കുന്നത്. 300 കോടി ഓഹരികളാണു വില്‍ക്കുന്നത്. വ്യക്തികള്‍ക്ക് 28 വരെയും കമ്പനികള്‍ക്കു ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം.

എന്‍സിബി, സൗദി ബ്രിട്ടീഷ് ബാങ്ക് സാബ്, സൗദി അമേരിക്കന്‍ ബാങ്ക് സാംബ, സൗദി ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എസ്ഐബി, അറബ് നാഷനല്‍ ബാങ്ക്, ബാങ്ക് അല്‍ ബിലാദ്, ബാങ്ക് അല്‍ അവ്വല്‍, അല്‍ റിയാദ്, ബാങ്ക് അല്‍ ജസീറ, ബാങ്ക് സൗദി ഫ്രാന്‍സി, അല്‍ റാജി ബാങ്ക്, ബാങ്ക് അല്‍ ഇന്‍മാ, അല്‍ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയില്‍ അക്കൗണ്ടുള്ളവര്‍ക്ക് പണമടച്ച് ഓഹരിക്കായി അപേക്ഷ നല്‍കാം.

അപേക്ഷിക്കേണ്ടത് ഇങ്ങിനെ
32 സൗദി റിയാലാണ് ഒരു ഓഹരിയുടെ വില. 10 ഓഹരികളുടെ ഗുണിതങ്ങളായി എത്ര എണ്ണത്തിനു വേണമെങ്കിലും അപേക്ഷിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ ഇന്‍വെസ്റ്റ് എന്ന ഓപ്ഷനില്‍ ഐപിഒ സര്‍വീസ് തിരഞ്ഞെടുക്കുക. ആവശ്യമായ ഓഹരിയുടെ എണ്ണം നല്‍കിയാല്‍ പണം ട്രാന്‍സ്ഫറാകും.

ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഇല്ലാത്തവര്‍ക്ക് എടിഎം മെഷീന്‍ വഴി ഓഹരിക്ക് അപേക്ഷിക്കാം. കാര്‍ഡ് സൈ്വപ്പ് ചെയ്തശേഷം അദര്‍ സര്‍വീസില്‍ പോയാല്‍ ഐപിഒ സര്‍വിസിലെത്താം. തുടര്‍ന്ന് സ്‌ക്രീനില്‍ അരാംകോ ഷെയര്‍ കാണിക്കുന്ന പേജ് കാണാം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഷെയറിന്റെ എണ്ണം നല്‍കിയാല്‍ ഷെയര്‍ ഒന്നിന് 32 റിയാല്‍ വെച്ചുള്ള ആകെ തുക സ്‌ക്രീനില്‍ തെളിയും.

മുന്നോട്ടുപോകാന്‍ അനുമതി നല്‍കുന്നതോടെ അപേക്ഷയുടെ നടപടി പൂര്‍ത്തിയാകും. ഇതോടെ റഫറന്‍സ് നമ്പറും ആപ്ലിക്കേഷന്‍ സീക്വന്‍സ് നമ്പറും രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിക്കും. ഇതിനുശേഷം അരാംകോ അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈല്‍ സന്ദേശം വഴി അറിയിക്കും. അപേക്ഷ തള്ളിയാല്‍ പണം നിശ്ചിത ദിവസത്തിനകം അക്കൗണ്ടിലേക്ക് തിരികെ എത്തും.