സൗദി അറേബ്യ: ഡെന്റല്‍ മേഖലയില്‍ 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും

റിയാദ്: ദന്ത പരിശോധനാ മേഖലയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 25 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പാക്കുന്നത്.

2020 മാര്‍ച്ച് 25 മുതല്‍ 25 ശതമാനം സ്വദേശിവല്‍ക്കരണമാണ് ആദ്യം നടപ്പാക്കുക. രണ്ടാം ഘട്ടമായി 2021 മാര്‍ച്ച് 14 മുതല്‍ 30 ശതമാനവും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനാണ് തീരുമാനം. തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

മൂന്നും അതില്‍ കൂടുതലും വിദേശ ദന്ത ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകം. സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും ഇക്കാര്യം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും. സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

ആയിരത്തിലേറെ സൗദി ദന്ത ഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരായുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദി ദന്ത ഡോക്ടര്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് വിലക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ധാരണയിലെത്തിയതായും ആരോഗ്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.