റിയാദ്: സൗദിയില്‍ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യക്കാര്‍. ഇവരില്‍ പേര്‍ 155 പേര്‍ മലയാളികളാണെന്നും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയോളം ആളുകള്‍ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും നടത്തിയ പ്രത്യേക ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് അംബാസിഡര്‍ ഡോ: ഔസാഫ് സഈദ് ഇക്കാര്യം വ്യക്തമാക്കിയത്.
162,000 ഇന്ത്യക്കാരാണ് ഇന്ത്യയിലേക്ക് പോകാനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 87,000 ആളുകള്‍ നാട്ടിലേക്കു മടങ്ങിയതായി അംബാസഡര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്തവരില്‍ ഏകദേശം 36 ശതമാനം അഥവാ 56,000 ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ടവരാണ്. വന്ദേ ഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനം സംവിധാനങ്ങളിലായി 480 വിമാനങ്ങളാണ് ഇതിനകം സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നത്.
സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഹുറൂബ്, ഇഖാമ കാലാവധി കഴിഞ്ഞ കേസുകളില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. ഇതുവരെ 3500ലേറെ പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിളവിന് സമാനമായ രീതിയില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. സപ്തംബര്‍ ഒന്ന് മുതല്‍ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വഴി ഫീസിളവ് നല്‍കാനാണ് തീരുമാനം. സ്‌കൂളുകളില്‍ മാനേജര്‍മാര്‍ സൗദികളാകണം എന്നുള്ള പുതിയ തീരുമാനം ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് ബാധമകല്ല. സൗദി പൗരന്മാര്‍ക്ക് കീഴിലുള്ള അന്താരാഷ്ട്ര സ്‌കുളുകള്‍ക്കാണ് ഇത് ബാധകം. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ സാറ്റ് പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.