ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഫോടനം. നാല് പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ലോക യുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിലാണ് സ്ഫോടനമുണ്ടായത്. റിയാദിലെ ഫ്രഞ്ച് എംബസിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ജിദ്ദയിലെ ഒരു സെമിത്തേരിയില്‍ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കന്‍ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരപരാധികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ലജ്ജാകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഫ്രാന്‍സ് സൗദിയോട് ആവശ്യപ്പെട്ടു.
പരമാവധി ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് പൗരന്മാര്ക്ക് നിര്‍ദേശം നല്കി. സംഭവത്തിന് ശേഷം സെമിത്തേരി സുരക്ഷാ വിഭാഗം സീല്‍ ചെയ്തു. ഫ്രഞ്ച് ഉദ്യേഗസ്ഥരെ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കിടെ ജിദ്ദയില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്. ഒക്ടോബര്‍ 29 ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
പ്രവാചക കാര്‍ട്ടൂണിനെ അനുകൂലിച്ചും ഇസ്ലാമോഫോബിയയെ പ്രോല്സാഹിപ്പിച്ചുമുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.