സൗദിയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ab muhammad dammam death

ദമ്മാം: സൗദിയിലും നാട്ടിലും സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന കാസര്‍കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെമ്മനാട് പരവനടുക്കം സ്വദേശി എ ബി മുഹമ്മദ് (56) ആണ് ദമ്മാമില്‍ മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃനിരയില്‍ സജീവമായിരുന്നു.

ഉത്തരേന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സംഘാടനം നടത്തിവരുന്നതിനിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

ദമ്മാമില്‍ ഓട്ടോ വേള്‍ഡ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം സുഹൃത്തുക്കള്‍ക്കിടയില്‍ എബി എന്ന ചുരുക്കപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ദമ്മാം കാസര്‍കോട് അസോസിയയേഷന്റെ മുഖ്യ സംഘടകനായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തുമ്പോള്‍ എസ്ഡിപിഐ ചെമ്മനാട് ബ്രാഞ്ച് കമ്മിറ്റിയുടെ കീഴില്‍ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. രോഗാതുരനായി അബോധാവസ്ഥയിലാവും വരെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണ പ്രയത്‌നം നടത്തിയിരുന്ന ആത്മാര്‍ത്ഥതയും വിനയവും ഒത്തിണങ്ങിയ സാമൂഹിക പ്രവര്‍ത്തകനായിരുന്നു.

നാട്ടില്‍ നേരത്തെ പരവനടുക്കം നെച്ചിപ്പടുപ്പിലായിരുന്നു താമസം. ചെമ്മനാട് ലേസ്യത്തേക്ക് താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഭാര്യ: നസീബ മുഹമ്മദ്. മക്കള്‍: ഹിബ, നിദ, ആസ്യ. മയ്യിത്ത് ദമ്മാമില്‍ തന്നെ ഖബറടക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍, കാസര്‍കോട് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.