ദമ്മാം: ട്രക്കുകള്‍ക്ക് കേടുവരുത്തിയ വാഹനാപകട കേസില്‍ ജാമ്യം നിന്ന മലയാളി സാമൂഹിക പ്രവര്ത്തകന് കുരുക്കില്‍. 45,000 റിയാല്‍ നഷ്ടപരിഹാരം നല്കാന് സൗദി കോടതി വിധിച്ച പ്രതി ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങിയതോടെ ജാമ്യം നിന്നയാള്‍ വെട്ടിലായത്.
ദമ്മാമില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശി ചുനിലാല്‍ (50) ആണ് സഹായിച്ചവരെ കുഴപ്പത്തിലാക്കി നാടുവിട്ടത്. ജാമ്യം നിന്ന സാമൂഹിക പ്രവര്‍ത്തകനേയും സ്പോണ്സറേയും ഇന്ത്യന്‍ എംബസിയേയും കബളിപ്പിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കമാണ് ഇയാള്‍ക്ക് ജാമ്യം നിന്നിരുന്ന്. കോടതി ശിക്ഷിച്ച 45,000 റിയാല്‍ ഇനി നാസ് വക്കം കെട്ടിവെക്കണം.
കേസിനാസ്പദമായ സംഭവം നടന്നത് ഒരു വര്‍ഷം മുമ്പാണ്. ട്രക്ക് ഡ്രൈവറായ ചുനി ലാല്‍ അശ്രദ്ധമായി വണ്ടിയോടിച്ച് മൂന്നു ട്രക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണമായും ചുനിലാലിന്റെ കുറ്റമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയ കോടതി 45,000 റിയാല്‍ നഷ്ട പരിഹാരം നല്കാന് വിധിച്ചു.
ജാമ്യത്തില്‍ ഇറക്കിയെങ്കിലും പിഴ സംഖ്യ ചുനിലാല്‍ തന്നെ അടക്കണമെന്ന് സ്പോണ്സര് ആവശ്യപ്പെട്ടു. ഇതോടെ ഇയാള്‍ സ്പോണ്‍സറെ കബളിപ്പിച്ച് നാട്ടിലേക്ക് കടക്കാന്‍ റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കയറിപ്പറ്റി. എന്നാല്‍, ഇയാളുടെ പേരില്‍ കേസുണ്ടെന്ന് കണ്ടതോടെ നാട്ടിലയക്കാതെ ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു. ഈ സമയത്താണ് കഥയൊന്നുമറിയാതെ നാസ് വക്കം നാടുകടത്തല്‍ സന്ദര്‍ശന വേളയില്‍ ചുനിലാലിനെ സഹായിക്കാന്‍ തയാറായത്.
തനിക്ക് ദമ്മാമില്‍ നിരവധി ബന്ധുക്കളുണ്ടെന്നും ട്രക്ക് ഡ്രൈവര്‍മാരുടെ സംഘടന തന്നെ സഹായിക്കുമെന്നും ജാമ്യത്തില്‍ പുറത്തിറക്കിയാല്‍ കഴിവതും വേഗം തന്നെ പിഴ സംഖ്യ സംഘടിപ്പിച്ച് കെട്ടിവയ്ക്കാമെന്നും ഇയാള്‍ പറഞ്ഞതോടെ നാസ് വക്കം സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കുകയായിരുന്നു.
ബന്ധുക്കളൂടെ അടുത്തേക്ക് പോയ ചുനിലാല്‍ ഇന്ത്യന്‍ എംബസിയെ തെറ്റിദ്ധരിപ്പിച്ച് പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് നാട്ടിലേക്ക് മുങ്ങി. നാട്ടിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനില്‍ എത്തിയ ഇയാള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് വീഡിയോ കാള്‍ വിളിച്ച് സ്പോണ്‍സറെ തന്റെ പാസ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി പരിഹസിക്കുകയും ചെയ്തു.
ഇതോടെ സ്പോണ്സര് ഇന്ത്യന്‍ എംബസിക്കും ജാമ്യം നിന്ന സാമൂഹിക പ്രവര്‍ത്തകനുമെതിരെ കേസ് നല്കി. ചുനിലാലിന്റെ പിഴസംഖ്യ നല്കിയാല് തന്റെ പരാതി പിന്‍വലിക്കാമെന്ന നിലപാടിലാണ് സ്പോണ്സര്. നാസ് വക്കം ഈ തുക എത്രയും പെട്ടെന്ന് നല്കിയാല് മാത്രമേ കേസില്‍ നിന്ന് മുക്തനാകൂ.