റിയാദില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

riyadh building collapse

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ഹോട്ടലിന്റെ പാരപ്പെറ്റ് തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. റൗദ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറന്റിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടി(60), തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി എന്നിവരാണ് മരിച്ചത്.

സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് എത്തി 11 മണിയോടെ മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.

പ്രഭാത ഭക്ഷണത്തിന്റെ സമയമായതിനാല്‍ നിരവധിയാളുകള്‍ മലയാളി ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച അബ്ദുല്‍ അസീസ്.

സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ അസീസ് റിയാദിലെ കേളി കലാസാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കള്‍. ആരിഫ്, ആഷിന.