കോവിഡിനെ ആത്മധൈര്യത്തോടെ നേരിടണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍

alankode-leela-krishnan

ജിദ്ദ: ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമായ കൊവിഡ്-19 മഹാമാരിയെ, ചകിതരാവാതെ ആത്മധൈര്യത്തോടെ നേരിടണമെന്നും ഇതിന്റെ കെടുതികള്‍ക്കിരയായ അശരണര്‍ക്കും നിര്‍ധനര്‍ക്കും തുണയായി നിന്ന് മാനവികതയുടെ ഉദാത്തമാതൃക കാഴ്ചവെക്കണമെന്നും പ്രശസ്ത കവിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ”നോവേറും നാളിലെ നോമ്പോര്‍മകള്‍” എന്ന വിഷയത്തില്‍ ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച സൂം സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ ഇതുവരെയും ആര്‍ജിച്ച മുഴുവന്‍ പുരോഗതിയും കണ്ടുപിടിത്തങ്ങളും ശാസ്ത്രവിജ്ഞാനീയങ്ങളും സൂക്ഷ്മദര്‍ശിനിയില്‍ പോലും കാണാനാവാത്ത വൈറസിനുമുന്നില്‍ തോറ്റുപോയിരിക്കുന്നു. നാമിപ്പോള്‍ ശരിക്കും നിസ്സഹായാവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ മനസ്സ് ചഞ്ചലമായിപ്പോകാതെ ആത്മബലം വര്‍ധിപ്പിക്കുന്നതിന് മതഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യന് തുണയാവേണ്ടതുണ്ടെന്നും സഹജീവികള്‍ക്ക് താങ്ങാവലാണ് യഥാര്‍ഥ വിശ്വാസത്തിന്റെ തേട്ടമെന്നും ആലങ്കോട് ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിച്ച സംഗമത്തില്‍ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി (കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി) മോഡറേറ്ററായിരുന്നു. യുക്തിചിന്തയും മതബോധവും ഒരുമിച്ചുകൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചോദ്യങ്ങള്‍ക്കു മറുപടി പറയവെ, ആലങ്കോട് പറഞ്ഞു. യുക്തിയില്ലാത്ത ആത്മീയതയാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി മാറുന്നത്. ഭക്തിയിലൊരു യുക്തിയുണ്ട്. അത് വിനയത്തിന്റെയും വിവേകത്തിന്റെയും ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തെ നോമ്പോര്‍മകളും പഴയ മാപ്പിളപ്പാട്ട് ഇശലുകളും ശ്ലോകങ്ങളും ആലങ്കോട് പങ്കുവെച്ചത് ശ്രോതാക്കള്‍ക്ക് ഹൃദ്യാനുഭവമായി.

ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. സാദിഖലി തുവ്വൂര്‍ പരിപാടി ഹോസ്റ്റ് ചെയ്തു. മുസാഫിര്‍, അഹമ്മദ് പാളയാട്ട്, ഷിബു തിരുവനന്തപുരം, അബ്ബാസ് ചെമ്പന്‍, മുല്ലവീട്ടില്‍ സലീം, ഗോപി നെടുങ്ങാടി, അഡ്വ. ശംസുദ്ദീന്‍, ഡോ. മുഹമ്മദ് കാവുങ്ങല്‍, നാസര്‍ വെളിയങ്കോട്, യു എ നസീര്‍ (ന്യൂയോര്‍ക്ക്), സബീന എം സാലി (റിയാദ്), അഡ്വ. എസ് മമ്മു (തളിപ്പറമ്പ്), ഹാമിദ് ഹുസൈന്‍ (ദുബായ്), സി എച്ച് ബഷീര്‍, എന്‍ എം ജമാലുദ്ദീന്‍, ഡോ. മുഹമ്മദ് ഫൈസല്‍, നാസര്‍ ഫറോക്ക്, അമീര്‍ ചെറുകോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ജിജിഐ ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു, മുസ്തഫ വാക്കാലൂര്‍, ജലീല്‍ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി, അബ്ദുറഹ്‌മാന്‍ കാളമ്പ്രാട്ടില്‍, കബീര്‍ കൊണ്ടോട്ടി, നൗഫല്‍ പാലക്കോത്ത്, ഇബ്രാഹിം ശംനാട്, അരുവി മോങ്ങം, പി.എം മുര്‍തദ, എ.പി.എ. ഗഫൂര്‍, ഗഫൂര്‍ കൊണ്ടോട്ടി, അഷ്റഫ് പട്ടത്തില്‍, മുസ്തഫ പെരുവള്ളൂര്‍, മന്‍സൂര്‍ വണ്ടൂര്‍ എന്നിവര്‍ സംഘാടകരായിരുന്നു.