സൗദിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തുന്ന വമ്പന്‍ തട്ടിപ്പ് സംഘം; പ്രവാസികള്‍ ഉള്‍പ്പെടെ 122 പേര്‍ പിടിയില്‍

saudi arabia covid death

റിയാദ്: പണം വാങ്ങി കോവിഡ് ആരോഗ്യ സ്ഥിതി തിരുത്തി നല്‍കുന്ന വന്‍ സംഘം സൗദിയില്‍ പിടിയിലായി. ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു.

സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടത്തുന്ന 12 പേരെ ഈ മാസം ആദ്യം ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി(നഹാസ) പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നതില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 122ഓളം പേര്‍ക്ക് പങ്കുള്ളതായി ബോധ്യപ്പെട്ടത്.

122 പേരില്‍ 9 (7 പുരുഷന്മാരും 2 സ്ത്രീകളും) പേര്‍ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരാണ്. 21 പേര്‍(9 സ്വദേശികളും 12 പ്രവാസികളും) ഇടനിലക്കാരായി പ്രവര്‍ത്തിച്ചു. 76 പൗരന്മാരും 16 പ്രവാസികളും ഉള്‍പ്പെടെ 92 പേര്‍ക്കാണ് രേഖകള്‍ തിരുത്തി നല്‍കിയത്.

സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റത്തില്‍ പങ്കാളികളായ ജീവനക്കാര്‍, ഇടനിലക്കാര്‍, നിയമവിരുദ്ധമായി ഇതിന്റെ പ്രയോജനം നേടിയവര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH