Saturday, October 23, 2021
HomeGulfSaudi Arabiaനാട്ടില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ റീ എന്‍ട്രികള്‍ കമ്പനികള്‍ പുതുക്കിത്തുടങ്ങി

നാട്ടില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ റീ എന്‍ട്രികള്‍ കമ്പനികള്‍ പുതുക്കിത്തുടങ്ങി

റിയാദ്: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രികള്‍ കമ്പനികളും സ്ഥാപനങ്ങളും പുതുക്കിത്തുടങ്ങി. ഒരു മാസത്തിന് 100 റിയാല്‍ തോതില്‍ അബ്ശിര്‍, മുഖീം സിസ്റ്റങ്ങള്‍ വഴിയാണ് ഇഖാമ കാലാവധിയുള്ളവരുടെ റീ എന്‍ട്രികള്‍ പുതുക്കുന്നത്.

അവധിക്ക് പോയ എല്ലാവരുടെയും റീ എന്‍ട്രികള്‍ നേരത്തെ സൗദി ഭരണകൂടം മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. ആഗസ്ത് 20 വരെയാണ് ഭൂരിഭാഗം പേര്‍ക്കും ഇപ്രകാരം സൗജന്യമായി ദീര്‍ഘിപ്പിച്ചുലഭിച്ചത്. ഇനിയും സൗജന്യമായി ദീര്‍ഘിപ്പിച്ചുനല്‍കുമോയെന്ന് പലരും ജവാസാത്തില്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടിയുണ്ടായിട്ടില്ലെങ്കിലും മുഖീം, അബ്ശിര്‍ സിസ്റ്റങ്ങളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്.

ബാങ്കുകളുടെ ഓണ്‍ലൈന്‍, എടിഎം സര്‍വീസുകളില്‍ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനുള്ള ഫീസ് അടക്കുന്നതിന് സൗകര്യം കഴിഞ്ഞാഴ്ചയാണ് നിലവില്‍ വന്നത്. ഇഖാമ നമ്പറും റീ എന്‍ട്രി വിസ നമ്പറും ചേര്‍ത്ത് ഒരു മാസത്തേക്ക് 100 റിയാല്‍ എന്ന തോതിലാണ് പണമടക്കേണ്ടത്. ഇഖാമ കാലാവധിവരെ മാത്രമേ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനാകൂ.

ഇഖാമ നമ്പറില്‍ ഇപ്രകാരം പണമടച്ച ശേഷം കമ്പനി അധികൃതര്‍ മുഖീം, അബ്ശിര്‍ തുറന്ന് റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനുള്ള ഐകണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഉടന്‍ തന്നെ പുതുക്കി ലഭിക്കും. കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും മുഖീം, അബ്ശിര്‍ വഴി മാത്രമേ ഈ സംവിധാനം ലഭ്യമാകുകയുള്ളൂ. തൊഴിലാളികള്‍ക്ക് അവരുടെ അബ്ശിര്‍ വഴി ഈ സേവനം ലഭിക്കില്ല. ആശ്രിതര്‍ക്ക് അവരുടെ രക്ഷിതാക്കളുടെ അബ്ശിര്‍ വഴിയാണ് റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനാകുക.

Most Popular