റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് വ്യക്തികള്‍ക്ക് ലഭ്യമായിത്തുടങ്ങി. തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുടെ ലെവിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇഖാമ പുതുക്കാന്‍ സദാദ്(ഫീ അടയ്ക്കാനുള്ള പ്രത്യേക നമ്പര്‍) എടുക്കുമ്പോള്‍ ലെവി ഇളവ് ആനുകൂല്യം ലഭിക്കും. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്കാണ് ആനുകൂല്യം. ഇതിന് മുമ്പ് കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സാധാരണ പോലെ സദാദ് വഴി ഇഖാമ തുകയടയക്കുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്കുള്ള (12 മാസത്തേക്ക്) ലെവി തുക അടക്കുമ്പോള്‍ 15 മാസത്തേക്ക് ഇഖാമ പുതുക്കിക്കിട്ടുന്നതാണ് രീതി. അതായത് പഴയതു പോലെ തന്നെ ഒരു വര്‍ഷത്തേക്ക് ഇഖാമ ഫീസ് അടക്കണം. ഇതില്‍ മൂന്നു മാസത്തേക്ക് അധികമായി ഇഖാമ കാലാവധി ലഭിക്കും. സ്വദേശിവല്‍ക്കരണ തോതിന് അനുസരിച്ച് പ്രതിമാസം 700, 800 എന്നിങ്ങിനെയാണ് ലെവി തുക. ഇതുവച്ച് കണക്ക് കൂട്ടിയാല്‍ മൂന്നു മാസത്തെ സൗജന്യത്തിന് 2100, 2400 റിയാല്‍ ലാഭം പുതുക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കും. ഇത് പണമായി ലഭിക്കില്ല. മറിച്ച് മൂന്ന് മാസത്തെ കാലാവധി അധികമായി ലഭിക്കുകയാണ് ചെയ്യുക. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഈ തിയതിക്കുള്ളില്‍ ഉണ്ടാക്കിയ സദാദ് നമ്പറുകള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. നേരത്തെ ഉണ്ടാക്കിയ സദാദ് നമ്പറുകളാണെങ്കില്‍ ആനുകൂല്യം ലഭിക്കാന്‍ അത് കാന്‍സല്‍ ചെയ്ത് പുതിയത് സൃഷ്ടിക്കേണ്ടി വരും.