സൗദിയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ 562

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 562 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 19 പേര്‍ രോഗവിമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. റിയാദ്-18, മക്ക-12, തായിഫ്-6, ബിഷ-5, ഖത്തീഫ്-3, ദമ്മാം-3, ജിസാന്‍-2, ഖുന്‍ഫുദ-1, നജ്‌റാന്‍-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ, തിങ്കളാഴ്ച ഏഴു മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് കടത്ത പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യു വിലക്ക് ലംഘിച്ചാല്‍ ആദ്യം 10000 റിയാലും രണ്ടാം തവണ 20000 റിയലുമായിരിക്കും പിഴ. പരമാവധി 20 ദിവസം വരെ തടവും ഉണ്ടാവും. ജലവിതരണം, ഭക്ഷ്യവിതരണം, മരുന്നുഷോപ്പുകള്‍, സുരക്ഷാ ജീവനക്കാര്‍, ആശുപത്രികള്‍ എന്നീ അവശ്യ സര്‍വീസുകളെയും അടിയന്തിര സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവരെയും കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മണി വരെ തുടരുന്ന കര്‍ഫ്യു മൂന്നാഴ്ച നീണ്ടു നില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.