കോവിഡ്-19: സ്ഥിഗതികള്‍ വിലയിരുത്താന്‍ ജി 20 നേതാക്കളുടെ യോഗം

ഷക്കീബ് കൊളക്കാടന്‍

റിയാദ്: കോവിഡ്-19 വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ജി 20 അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു അസാധാരണ വിര്‍ച്യുല്‍ മീറ്റിങ് സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് വിളിച്ചു. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ കൊറോണ വൈറസ് രോഗം മൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ലോക സാമ്പത്തികക്രമത്തിലും ജീവിതക്രമത്തിലും വൈറസ് ബാധയുണ്ടാക്കിയ ചലനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത നവംബറില്‍ റിയാദില്‍ അടുത്ത ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് കോവിഡ്-19 ലോകത്തെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നത്. യോഗത്തില്‍ ജി 20 അംഗരാജ്യങ്ങള്‍ കൂടാതെ സ്‌പെയിന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുക്കും.