കോവിഡ്-19: ആഗോളതലത്തില്‍ ഏകോപനം വേണമെന്ന് ജി 20 ഉച്ചകോടിയില്‍ സൗദി രാജാവ്

റിയാദ്: കോവിഡ് 19 മൂലമുണ്ടാവുന്ന പ്രതിസന്ധി മറികടയ്ക്കാന്‍ ആഗോളതലത്തില്‍ പരസ്പര സഹകരണവും ഏകോപനവും വേണമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ജി 20 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം ചെറുക്കാനും സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ശക്തമായ നടപടികള്‍ വേണം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ജി 20 ഉച്ചകോടി മഹാമാരി തടയാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൊറോണാനന്തരം സാമ്പത്തിക രംഗത്തുണ്ടാവുന്ന പ്രതിസന്ധി മറികടക്കാന്‍ അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കാനാണു പ്രധാന തീരുമാനം. കോവിഡ് 19 പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് എല്ലാ വിഭവങ്ങളും നല്‍കും. മഹാമാരിയെ ഒന്നിച്ച് അതിജീവിക്കുമെന്നും വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു.

മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുക, ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനസ്ഥാപിക്കുക, സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളെയും പിന്തുണയ്ക്കുക, പൊതുജനാരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ തീരുമാനങ്ങളും ഉച്ചകോടിയില്‍ എടുത്തു. നിലവില്‍ ജി 20 അധ്യക്ഷസ്ഥാനം വഹിക്കുന്ന സൗദി അറേബ്യ മുന്‍കൈയെടുത്താണ് അസാധാരണ ഉച്ചകോടി വിളിച്ചുചേര്‍ത്തത്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം അടിമുടി മാറണമെന്നും ഗവേഷണ ഫലങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിരുകളൊന്നും മാനിക്കാത്ത ഒരു വൈറസാണിതെന്നും പൊട്ടിപ്പുറപ്പെടുന്ന പൊതുശത്രുവിനെതിരേ ശക്തമായ ആഗോള നിയന്ത്രണ ശൃംഖല കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ഒരുമിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.