Monday, October 25, 2021
HomeNewsfeedകോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ആവശ്യമില്ലെന്ന് സൗദി ആരോഗ്യ വിദഗ്ധര്‍

കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ആവശ്യമില്ലെന്ന് സൗദി ആരോഗ്യ വിദഗ്ധര്‍

ദമ്മാം: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്ന് സൗദി ആരോഗ്യ വിദഗ്ധര്‍. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മതിയായ പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പൂര്‍ണമായും രോഗത്തെ അതിജയിക്കാന്‍ മൂന്നാമതൊരു ഡോസ് വാക്‌സിന്‍കൂടി സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്ന തീരുമാനമെന്ന് സൗദി ആരോഗ്യ പ്രിവന്റിവ് വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.

ഫൈസറും ബയോണ്‍ടെക് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് പ്രതിരോധശേഷി അധിക നാള്‍ നിലനില്‍ക്കുന്നില്ല എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനെത്തുടര്‍ന്നാണ് 65 വയസ്സിന് മുകളിലുള്ളവരും മറ്റു രോഗങ്ങള്‍ക്ക് ചികിത്സ നേരിടുന്നവരും മൂന്നാമതൊരു ഡോസ് വാക്‌സിന്‍കൂടി സ്വീകരിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന വാദമുയര്‍ന്നത്. എന്നാല്‍, ആറു രാജ്യങ്ങളിലെ 152 കേന്ദ്രങ്ങളില്‍ 45,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തെ തുടര്‍ന്നാണ് മൂന്നാമത്തെ ഡോസ് ആവശ്യമില്ലെന്ന നിലപാടില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. സപ്തംബര്‍ 15നാണ് ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

വാക്‌സിന്‍ സ്വീകരിച്ചവരില്‍ ക്രമേണ പ്രതിരോധശേഷി കുറയുന്നുണ്ടെങ്കിലും കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിരോധശേഷി നിലനില്‍ക്കുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും മതിയായ പ്രതിരോധശേഷി ഇവരില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തി.

 

Most Popular