Tuesday, January 25, 2022
HomeNewsfeedഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍; പ്രവാസിയുടെ വധശിക്ഷയില്‍ ഇളവ്

ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍; പ്രവാസിയുടെ വധശിക്ഷയില്‍ ഇളവ്

റിയാദ്: അടിപിടിക്കിടെ ഈജിപ്ത് സ്വദേശി കൊല്ലപ്പെട്ട കേസില്‍ ഇന്ത്യക്കാരന് ശിക്ഷയിളവ്. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിക്കാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ആശ്വാസം ലഭിച്ചത്. വധശിക്ഷ റദ്ദാക്കി, പകരം രക്ത ധനം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. പത്ത് ലക്ഷം റിയാല്‍ അടച്ചാല്‍ പഞ്ചാബ് മുഖ്തസര്‍ സ്വദേശിയായ ബല്‍വീന്ദര്‍ സിംഗിന് ജയില്‍ മോചിതനാവാം.

കീഴ്‌ക്കോടതിയും മേല്‍കോടതിയും ശിക്ഷ ശരിവെച്ച കേസില്‍ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകളാണ് നിര്‍ണായകമായത്. ആറ് മാസത്തെ കാലാവധിയാണ് ബല്‍വീന്ദറിന്റെ കുടുംബത്തിന് കോടതി നല്‍കിയിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍, കൊല്ലപ്പെട്ട ഈദ് ഇബ്രാഹിന്റെ കുടുംബത്തിന് തുക നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.

രണ്ട് ലക്ഷം റിയാല്‍ നല്‍കാമെന്ന് ബല്‍വീന്ദറിന്റെ സ്‌പോണ്‍സര്‍ ഏറ്റതിനാല്‍ കുടുംബം ബാക്കി തുക കണ്ടെത്തിയാല്‍ മതിയാവും. 2013 ലാണ് തന്നെയും സുഹൃത്തിനെയും കത്തിവീശി ഭീഷണിപ്പെടുത്തിയ ഈദിനെ ബല്‍വീന്ദര്‍ പ്രാണരക്ഷാര്‍ത്ഥം ആക്രമിച്ചത്. കൈയില്‍ കിട്ടിയ വടി എടുത്ത് അടിക്കുകയായിരുന്നു. അടി മര്‍മത്ത് കൊണ്ടാണ് ഈദ് മരിച്ചത്.

 

Most Popular