റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ പൂര്‍ണമായും പിന്‍വലിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത നുണയെന്ന് അധികൃതര്‍. ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാല്‍ നേരിട്ട് സൗദിയില്‍ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാര്‍ത്ത. സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ട്വിറ്റര്‍ സ്ക്രീന്‍ ഷോട്ട് രൂപത്തിലാണ് ഇത് പ്രചരിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കുകള്‍ പൂര്‍ണമായും നീക്കി എന്നതാണ് സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍, അഭ്യന്തര മന്ത്രാലയത്തിന്റേയോ പ്രസ്തുത പത്രത്തിന്റെയോ സാമൂഹ്യ അക്കൗണ്ടുകളില്‍ ഈ വാര്‍ത്തയില്ല. യാത്രാ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണവും വന്നിട്ടില്ല.
അതേസമയം, നിലനില്‍ക്കുന്ന യാത്രാ വിലക്കുകള്‍ നീക്കുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തീരുമാനം വന്നിട്ടില്ല. സൗദിയില്‍ നിന്ന് രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് നേരിട്ട് ഇങ്ങോട്ട് പ്രവേശിക്കാന്‍ നിലവില്‍ അനുമതിയുള്ളൂ. രാജ്യത്തിന് പുറത്ത് നിന്ന് വാക്സിനേഷന് സ്വീകരിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങണം. ഇത്തരക്കാര്‍ ഇവിടെ എത്തിയാലും അഞ്ചുദിവസത്തെ ക്വാറന്റീന് ആവശ്യമാണ്.